കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ ഹര്‍ജിയില്‍ ഇന്ന് ലോകായുക്ത വിധി പറയും. ലോകായുക്ത ഫുള്‍ബെഞ്ച് ഇന്ന് രണ്ടരയോടെയാണ് വിധി പ്രസ്താവിക്കുക. മുഖ്യമന്ത്രി പിണറായി വിജയന് ഇന്നത്തെ വിധി ഏറെ നിര്‍ണായകമാണ്. കേസില്‍ മാര്‍ച്ച് 31ന് ലോകായുക്ത ഡിവിഷന്‍ ബെഞ്ച് ഭിന്നവിധി പറഞ്ഞതോടെയാണ് ഫുള്‍ ബെഞ്ചിലേക്ക് കേസ് വിട്ടത്.
അതേസമയം വിധി പറയുന്നതില്‍ നിന്ന് ഉപലോകായുക്തമാര്‍ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് എന്നിവരെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പരാതിക്കാരനായ ആര്‍.എസ് ശശികുമാര്‍ നല്‍കിയ ഇടക്കാല ഹര്‍ജിയും ഇന്നാണ് പരിഗണിക്കുക.മുഖ്യമന്ത്രിക്കും ആദ്യ പിണറായി മന്ത്രിസഭയിലെ 18 മന്ത്രിമാര്‍ക്കുമെതിരെ 2018ലാണ് ഹര്‍ജി ഫയല്‍ ചെയ്തത്. 2019ല്‍ ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് വിശദമായ വാദങ്ങള്‍ക്ക് ശേഷം പരാതിയുടെ സാധുത പരിശോധിച്ച ശേഷമാണ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്.
എന്‍.സി.പി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും മുന്‍ ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന് കടം തീര്‍ക്കാന്‍ എട്ടര ലക്ഷം രൂപയും സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയ വാഹനം അപകടത്തില്‍ പെട്ട് മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് 20 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഈ തുക അനുവദിച്ച നടപടികള്‍ അഴിമതിയും സ്വജനപക്ഷപാതവും ആണെന്നാണ് കേസ്.