കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലെ മുതുകുഴിയില്‍ തുറന്നുവിട്ട അരിക്കൊമ്പന് സഹ്യപര്‍വതം പിന്നിട്ട് വീണ്ടും കേരളത്തിലെത്തുമോ എന്ന ആകാംക്ഷയിലാണ് മലയാളികള്‍

സാദ്ധ്യത വനം വകുപ്പ് തള്ളുന്നില്ല. എന്നാല്‍ ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നുമില്ല. കഴിഞ്ഞദിവസം നടന്ന വനം മന്ത്രിയുടെ യോഗത്തില്‍ അരികൊമ്പന് ചര്‍ച്ചയായതേയില്ല.മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിന്റെ ഉള്‍മേഖലയിലാണ് അരിക്കൊമ്പനെ ഇറക്കിവിട്ടത്. കടുവ സാന്നിദ്ധ്യമുള്ള ഇവിടെ നിന്ന് കൂടുതല്‍ ഉള്‍വനത്തിലേക്കാവും ആന പോവുക. ഈ ദിശയില്‍ 50 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കേരളത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ എത്തും. സഹ്യമലനിരകളിലെ ചരിവുകള്‍ പിന്നിട്ടാല്‍ കേരളത്തിലെത്താന്‍ ഒരു ദിവസം മതി. ആനയുടെ കഴുത്തിലെ റേഡിയോ കോളറിലൂടെ ലഭിക്കുന്ന വിവരം അനുസരിച്ച് ആന നിലവില്‍ തമിഴ്നാട് അപ്പര്‍ കോതയാര്‍ വനമേഖലയിലെ ഗോതായി നദിയോട് ചേര്‍ന്ന ഉള്‍വനത്തിലാണ്.
തുമ്പിക്കൈയിലെയും കാലിലെയും പരിക്ക് കാരണം ഏറെ ദൂരം സഞ്ചരിച്ചിട്ടില്ല .റേഡിയോകോളറിലെ ജി.പി.എസ് മൈക്രോ ചിപ്പ് സെന്‍സറുകളില്‍ നിന്ന് ലഭിക്കുന്ന ചെറുചലനങ്ങള്‍ അനുസരിച്ച് ആന ഭക്ഷണം കഴിക്കുന്നുണ്ടെന്ന് തമിഴ്നാട് വനം വകുപ്പ് അധികൃതര്‍ പറയുന്നു. അഗസ്ത്യമല ബയോസ്ഫിയര്‍ റിസര്‍വിലുള്‍പ്പെട്ട കേരളത്തിലെ നെയ്യാര്‍, പേപ്പാറ വന്യജീവി സങ്കേതങ്ങള്‍ക്കും തമിഴ്നാട്ടിലെ മുണ്ടന്‍തുറൈ കടുവ സങ്കേതത്തിനും ഇടയിലുള്ള അതിരാണ് സഹ്യപര്‍വത നിര. ഇതിലെ പേപ്പാറ വന്യജീവി സങ്കേതത്തിലെ ഏറ്റവും പൊക്കമുള്ള ഭാഗമായ അഗസ്ത്യാര്‍കൂടം കുറ്റിച്ചല്‍ പഞ്ചായത്തിലാണ്. സമീപത്തെ ആര്യനാട്, വിതുര, കള്ളിക്കാട് പഞ്ചായത്തുകളില്‍ സഹ്യപര്‍വനിര അഗസ്ത്യമലയോളം ഉയരമുള്ളതല്ല. നെയ്യാര്‍ വനമേഖലയിലെത്താനും കയറ്രിറക്കങ്ങള്‍ അധികമില്ല
ബ്രിട്ടീഷ് കാലത്ത് തമിഴ്നാട്ടിനെയും കേരളത്തെയും ബന്ധിപ്പിച്ചിരുന്ന ട്രാവന്‍കൂര്‍ പാസ് വേ എന്നറിയപ്പെടുന്ന കല്ലാര്‍ – അംബാസമുദ്രം പാത ഉണ്ടായിരുന്ന മേഖലയാണ് സഹ്യപര്‍വ്വത്തിന്റെ കിഴക്കന്‍ ചരിവ് . പാതയുടെ ഒരറ്റമായ കല്ലാറില്‍ നിന്ന് തുടങ്ങി ബോണക്കാട് മേഖലയിലേക്ക് നീളുന്ന ഭാഗം വിതുര പഞ്ചായത്തിലാണ് . പാണ്ടിപ്പത്ത് വരെയുള്ള തമിഴ്നാട് അതിര്‍ത്തിയില്‍ പാത നിലവിലുണ്ട്. വലിയ കയറ്റിറക്കങ്ങള്‍ ഇല്ലാത്ത മേഖലയിലൂടെ 35 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ കേരളത്തിലെത്താം .
കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തോട് ചേര്‍ന്ന് ജനവാസമേഖല കുറവാണ്. കടുവാ സങ്കേതത്തിന് പിറകിലായി കട്ടളൈമലൈ എസ്റ്റേറ്റുണ്ട്. അഗസ്ത്യമലയില്‍ നിന്ന് ഉത്ഭവിച്ച് തമിഴ്നാട്ടിലേക്ക് ഒഴുകുന്ന താമ്രപര്‍ണ്ണിയും കോതയാറും കാരയാറും മണിമുത്താറുമെല്ലാം ഈ മേഖലയെ ജലസമൃദ്ധമാക്കുന്നുണ്ട്. കൂടാതെ നിരവധി ചെറു നദികളും വെള്ളച്ചാട്ടങ്ങളും. ഭക്ഷണവും വെള്ളവും ലഭ്യമായതിനാല്‍ അരികൊമ്പന് ഈ പ്രദേശം വിട്ടുപോകില്ലെന്ന് കരുതുന്നവരുണ്ട്.