വിവാദമായ നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഓഫീസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം സീല്‍ ചെയ്തു.

ദില്ലി : വിവാദ നാഷണല്‍ ഹെറാള്‍ഡ് ഓഫീസ് എന്‍ഫോഴ്സ്മെന്റ് വിഭാഗം സീല്‍ ചെയ്തു.സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ചോദ്യം ചെയ്യലിന് ശേഷമാണ് ഓഫീസ് സീൽ ചെയ്തത്. ഈ ഓഫീസ് ഇനി തുറക്കാന്‍ എന്‍ഫോഴ്സ്മെന്റിന്റെ അനുമതി വേണം. ഈ കേസുമായി ബന്ധപ്പെട്ട് നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്‍റെ ആസ്ഥാനത്ത് ഇ.ഡി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഹെറാള്‍ഡ് ദിനപ്പത്രത്തിന്റെ രേഖകള്‍ പരിശോധിച്ച എന്‍ഫോഴ്സ്മെന്റ് സംഘം ചില രേഖകള്‍ കൂടുതല്‍ പരിശോധനക്കായി കൊണ്ടുപോയി. കേസില്‍ സോണിയഗാന്ധിയേയും, രാഹുല്‍ ഗാന്ധിയേയും ചോദ്യം ചെയ്തതിന് പിന്നാലെയായായിരുന്നു റെയ്ഡ്.കൊല്‍ക്കത്ത ആസ്ഥാനമായ ഡോട്ടക്സ് കമ്ബനിയില്‍ നിന്ന് ഒരു കോടി രൂപ വായ്പയായി വാങ്ങിയ യങ്‌ഇന്ത്യ എന്ന കമ്പനി, അതില്‍ 50 ലക്ഷം രൂപ കോണ്‍ഗ്രസിന് നല്‍കി. അങ്ങനെ 90 കോടി രൂപ ബാധ്യതയുണ്ടായിരുന്ന എജെഎല്‍, യങ് ഇന്ത്യയുടെ ഭാഗമായി. എജെഎല്ലിന്‍റെ സ്വത്തുവകകള്‍ യങ് ഇന്ത്യയുടെ പേരിലേക്ക് മാറ്റിയെഴുതി. ഹെറാള്‍ഡ് ഹൗസും മറ്റ് ഭൂസ്വത്തുക്കളുമെല്ലാം ഇതിലുള്‍പ്പെട്ടിരുന്നു.

ദില്ലിയിലാകെ 12 ഇടത്തായിരുന്നു ഹെറാള്‍ഡ് കേസിലെ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ദില്ലിയിലും രാജ്യത്തിന്റെ വിവിധ ഭാഗത്തും കോണ്‍ഗ്രസ് പ്രവ‍ര്‍ത്തക‍ര്‍ തെരുവിലിറങ്ങി. ജവഹര്‍ലാല്‍ നെഹ്റു തുടങ്ങിവച്ച നാഷണല്‍ ഹെറാള്‍ഡ് ദിനപ്പത്രത്തെ പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറം അഴിമതിയോട് ചേര്‍ത്ത് വായിക്കേണ്ടി വരുന്നത് കേന്ദ്രസര്‍ക്കാരിന്‍റെ കെട്ടുകഥയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കോടികളുടെ അഴിമതിയാണ് ഗാന്ധികുടുംബം നടത്തിയതെന്ന് ബിജെപി തിരിച്ചടിക്കുന്നു.

സാമ്പത്തിക പ്രതിസന്ധിയില്‍ ഇല്ലാതായ നാഷണല്‍ ഹെരാള്‍ഡിന്‍റെ പ്രസിദ്ധീകരണം വീണ്ടും ആരംഭിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതാണ് ഇന്നത്തെ പ്രശ്നങ്ങളുടെ തുടക്കം. എ.ജെ.എലിന് കോണ്‍ഗ്രസ് 90 കോടി രൂപ പലിശ രഹിത വായ്പ അനുവദിച്ചിരുന്നു. എജെഎല്‍ കമ്പനി ബാധ്യതകള്‍ തീര്‍ത്ത് പത്രം വീണ്ടും ആരംഭിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍, പണം തിരിച്ചടയ്ക്കുന്നതില്‍ കമ്ബനി പരാജയപ്പെട്ടു.

ബിജെപി നേതാവ് സുബ്രഹ്മണ്യന്‍സ്വാമിയാണ് ഈ കേസുമായി മുന്നോട്ട് വന്നത്. 2012 നവംബറിലായിരുന്നു ആദ്യ പരാതി. വെറും 50 ലക്ഷം രൂപ നല്‍കി 2000 കോടിയോളം രൂപയുടെ ആസ്തിയുള്ള പൊതുമേഖലാ സ്ഥാപനം യങ് ഇന്ത്യ ഏറ്റെടുത്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത് പ്രകാരം കോടതിയില്‍ സ്വകാര്യ അന്യായം സമര്‍പ്പിച്ചു. ഉടമസ്ഥാവകാശ കൈമാറ്റം ഓഹരിയുടമകള്‍ അറിയാതെയായിരുന്നു എന്നും സുബ്രഹ്മണ്യന്‍സ്വാമി ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *