പത്മ പുരസ്കാരം സ്വീകരിക്കുന്നതില്‍ വി.എസ്. കുടുംബത്തിന്റെ തീരുമാനത്തിനൊപ്പമാണ് പാര്‍ട്ടി: എം.വി. ഗോവിന്ദന്

പത്മ പുരസ്കാരം സ്വീകരിക്കുന്ന കാര്യത്തില്‍ വി. എസ്. അച്യുതാനന്ദന്റെ കുടുംബം സ്വീകരിക്കുന്ന നിലപാടിനൊപ്പം സിപിഐഎം നിലകൊള്ളുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വ്യക്തമാക്കി. പുരസ്കാരം സ്വീകരിക്കണോ വേണ്ടയോ എന്ന് പാര്‍ട്ടി നിര്‍ദ്ദേശിക്കില്ലെന്നും അത് വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കുടുംബത്തിന്റെ സന്തോഷത്തോടൊപ്പം പാര്‍ട്ടിയും പങ്കുചേരുമെന്നും, പത്മ പുരസ്കാരം സ്വീകരിക്കുമെന്ന് കുടുംബം അറിയിച്ചിട്ടുണ്ടെന്നും എം.വി. ഗോവിന്ദന് വ്യക്തമാക്കി. മുന്‍കാലങ്ങളില്‍ ചില പാര്‍ട്ടി നേതാക്കള്‍ പുരസ്കാരം നിഷേധിച്ചത് വ്യക്തിപരമായ തീരുമാനമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശശി തരൂരിന്റെ എല്‍ഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി, അത്തരം ചോദ്യങ്ങള്‍ സാങ്കല്പികമാണെന്ന് എം.വി. ഗോവിന്ദന് പറഞ്ഞു. പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു വസ്തുതയും കാണുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
സിപിഎമ്മിന്റെ നിലപാടുകളോട് പൊരുത്തപ്പെടുന്ന മനസികാവസ്ഥയുമായി വരുന്ന ഏതു വ്യക്തിയെയും പാര്‍ട്ടി സ്വീകരിക്കുമെന്ന് എം.വി. ഗോവിന്ദന് വ്യക്തമാക്കി.