നവകേരള ബസിന് എതിരെ ഷൂ എറിഞ്ഞ സംഭവം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകക്ക് എതിരെ കേസെടുത്ത പൊലീസ്

തിരുവനന്തപുരം: നവകേരള ബസിന് എതിരെ ഷൂ എറിഞ്ഞ സംഭവം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകക്ക് എതിരെ കേസെടുത്ത പൊലീസ് നടപടിയിൽ കേരള പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റവും സാമാന്യ നീതിയുടെ നിഷേധവുമാണിത്.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ്സിന് നേരെ ആലുവയിൽ വച്ച് കെഎസ് യു പ്രവർത്തകർ ഷൂ എറിഞ്ഞത് റിപ്പോർട്ട് ചെയ്തതിന്റെ പേരിലാണ് 24 ന്യൂസിലെ വിനീത വി.ജി.ക്ക് എതിരെ ഗൂഢാലോചന കുറ്റം ചുമത്തിയതും കേസിൽ അഞ്ചാം പ്രതിയാക്കിയതും.മുമ്പ് ഏഷ്യാനെറ്റ് ലേഖികയ്ക്ക് എതിരെ സമാനമായ രീതിയിൽ പൊലീസ് കേസെടുത്തത് കോടതി റദ്ദാക്കിയിരുന്നു. വീണ്ടും സമാനമായ തെറ്റ് ആവർത്തിക്കുകയാണ് പോലീസ് ചെയ്യുന്നത്.
കേസ് പിൻവലിച്ച് തെറ്റ് തിരുത്താൻ കേരള പോലീസ് തയ്യാറാകണമെന്നും ഇത്തരം വീഴ്ചകൾ ആവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു.