എട്ടാംക്ലാസുകാരിയുടെ മരണം കൊലപാതകമല്ലെന്ന് പൊലീസ്

തിരുവനനന്തപുരം: പൊലീസ് ഉദ്യോഗസ്ഥന്റെ മകളായ എട്ടാം ക്ലാസുകാരി വീട്ടില്‍ കുഴഞ്ഞു വീണ് മരിച്ച സംഭവത്തില്‍ കൊലപാതക സാദ്ധ്യത തള്ളി അന്വേഷണ സംഘം. സ്വാഭാവിക മരണമെന്നാണ് വിലയിരുത്തല്‍. തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. എന്നാല്‍ ഇത് വീഴ്ചയിലുണ്ടായതല്ല. തലയിലെ ഞരമ്പുകള്‍ പൊട്ടിയാണ് രക്തസ്രാവമുണ്ടായത്.

അതിനാല്‍ കൊലപാതക സാദ്ധ്യതയില്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. അതേസമയം പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. ഇക്കാര്യമാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. പെണ്‍കുട്ടി ലഹരി ഉപയോഗിക്കാനുള്ള സാദ്ധ്യതയും അന്വേഷണ സംഘം പൂര്‍ണമായി തള്ളി. പഠനത്തിനും പഠനേതര കാര്യങ്ങളിലും മിടുക്കിയായ കുട്ടി ക്ലാസിലും പതിവായി എത്തിയിരുന്നു.

മാതാപിതാക്കള്‍ക്കൊപ്പം പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കുട്ടി പൊലീസ് വാനില്‍ സ്‌കൂളില്‍ പോവുകയും വരികയും ചെയ്യുമ്പോള്‍ പുറത്തെ സംഘങ്ങളുമായി ബന്ധമുണ്ടാകാനുള്ള സാദ്ധ്യതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ലഹരി സംബന്ധിച്ച് യാതൊരു സൂചനയും ഇതുവരെ ലഭിച്ചിട്ടുമില്ല. പെണ്‍കുട്ടി താമസിച്ചിരുന്ന സ്ഥലം കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം. അമ്മയുടെ ഫോണാണ് വിദ്യാര്‍ത്ഥിനി ഉപയോഗിച്ചിരുന്നത്.

ഇതിലെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പരിശോധിക്കുകയാണ്. പെണ്‍കുട്ടിയുമായി സൗഹൃദമുണ്ടായിരുന്ന ചിലരെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഇതില്‍ ചിലര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. പ്രണയം നടിച്ചാണ് പീഡനത്തിനിരയാക്കിയതെന്നാണ് സംശയം. വീട്ടില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയ എട്ടാംക്ലാസുകാരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഏപ്രില്‍ ഒന്നിനാണ് മരിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *