മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു

പച്ചക്കറിക്കടയില്‍ നിന്ന് മാങ്ങ മോഷ്ടിച്ച സിവില്‍ പൊലീസ് ഓഫിസറെ പിരിച്ചുവിട്ടു. ഇടുക്കി എആര്‍ ക്യാംപിലെ സിപിഒ വണ്ടന്‍പതാല്‍ പുതുപ്പറമ്പില്‍ പി.വി.ഷിഹാബിനെയാണ് ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പ് പിരിച്ചുവിട്ടത്.
മാങ്ങ മോഷണത്തിനു പുറമേ ഈ ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. ഇതുകൂടി കണക്കിലെടുത്താണു നടപടി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30നു പുലര്‍ച്ചെയാണു പൊലീസുകാരന് മോഷണം നടത്തിയത്.
ഡ്യൂട്ടി കഴിഞ്ഞു സ്കൂട്ടറില്‍ മടങ്ങുകയായിരുന്ന ഷിഹാബ്, കടയ്ക്കു മുന്നില്‍ ഇറക്കിവച്ചിരുന്ന മാങ്ങയില്‍നിന്ന് പത്തുകിലോയോളം എടുത്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. പിന്നീടു സസ്പെന്‍ഷനിലായി. പൊലീസുകാരനെതിരെയുള്ള പരാതി പിന്‍വലിക്കാന്‍ അനുമതി തേടി കടയുടമ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
കോടതി അംഗീകരിച്ചതോടെ മോഷണക്കേസിലെ നടപടികള്‍ അവസാനിപ്പിച്ചു. എങ്കിലും പൊലീസ് സേനയുടെ സല്പേരിനു കളങ്കം വരുത്തിയതിനാല്‍ ഷിഹാബിനെ പിരിച്ചുവിടണമെന്നു ജില്ലാ പൊലീസ് മേധാവി ശുപാര്‍ശ ചെയ്യുകയായിരുന്നു. മുണ്ടക്കയം സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡനക്കേസിന്റെ പേരില്‍ ഇയാള്‍ നേരത്തേ സസ്പെന്‍ഷനിലായിട്ടുണ്ട്.