തിരുവനന്തപുരം: കണ്ണൂരില്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് മാറ്റമുണ്ടാകുമോ എന്ന രാഷ്ട്രീയ ചര്‍ച്ച സജീവം. എംവി ജയരാജന്‍ സെക്രട്ടറി സ്ഥാനം ഒഴിയാതെ തന്നെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് കൂടുതല്‍ സാധ്യത. എന്നാല്‍ തിരഞ്ഞെടുപ്പിന് മുന്‍പായാലും ശേഷമായാലും സ്ഥാനമൊഴിഞ്ഞാല്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ് പകരക്കാരനാകാന്‍ സാധ്യത തെളിഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാകും നിര്‍ണ്ണായകം. എന്നാല്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ സിപിഎം നയം സൂക്ഷ്മമായി പരിശോധിച്ചാല്‍ എം.വി.ജയരാജന് മത്സരിക്കുമ്പോള്‍ സ്ഥാനം ഒഴിയേണ്ടി വരില്ല.
കഴിഞ്ഞ തവണ പാര്‍ട്ടിയുടെ നഷ്ടപ്പെട്ട ഉറച്ച സീറ്റുകളും നഷ്ടമായ പല സീറ്റുകളും തിരിച്ചുപിടിക്കാനാണ് കരുത്തരായ സ്ഥാനാര്‍ഥികളെ ഇറക്കി സിപിഎം ലക്ഷ്യമിടുന്നത്. ഈ മാസം 27ന് ചേരുന്ന പിബി യോഗത്തിന് ശേഷമാകും സ്ഥാനാര്‍ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുക. അതിന് ശേഷമാകും മത്സരിക്കുന്ന ജില്ലാ സെക്രട്ടറിമാരെ തല്‍സ്ഥാനത്തു നിന്നും മാറ്റേണ്ടതുണ്ടോ എന്ന തീരുമാനം സിപിഎം നേതൃത്വം എടുക്കുക. സംസ്ഥാനത്ത് ആകെയുള്ള 20 സീറ്റില്‍ 15 ഇടത്താണ് സിപിഎം മത്സരിക്കുക. മന്ത്രി കെ.രാധാകൃഷ്ണന്‍ അടക്കം നാല് സിറ്റിങ് എംഎല്‍മാര്‍ ഇത്തവണ ലോക്സഭയിലേക്ക് മത്സരിക്കുകയാണ്. മൂന്നു ജില്ലാ സെക്രട്ടറിമാരും മത്സരരംഗത്തുണ്ടാകും. കാസര്‍കോട് മണ്ഡലത്തില്‍ ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണനും, കണ്ണൂരില്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും, ആറ്റിങ്ങലില്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വര്‍ക്കല എംഎല്‍എയുമായ വി.ജോയിയും മത്സരിക്കുമെന്ന് ഉറപ്പായി.
2019ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് സെക്രട്ടറിയായിരുന്ന വി.എന്‍.വാസവനേയും കണ്ണൂരില്‍ പി.ജയരാജനേയും മത്സരത്തിന് ഇറക്കിയിരുന്നു. ഇതില്‍ പി.ജയരാജന്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാണ് മത്സരിച്ചത്. പകരം എം.വി.ജയരാജന്‍ ജില്ലാ സെക്രട്ടറിയായി. തിരഞ്ഞെടുപ്പില്‍ തോറ്റ പി.ജയരാജന് പക്ഷെ പിന്നീട് ആ സ്ഥാനം തിരികെ കിട്ടിയില്ല. എന്നാല്‍ കോട്ടയം ജില്ലാ സെക്രട്ടറി സ്ഥാനം രാജിവയ്ക്കാതെ മത്സരിച്ച വാസവന്‍ തോല്‍വിക്ക് ശേഷവും ആ പദവിയില്‍ തിരിച്ചെത്തി. വളരെ കരുതലോടെയുള്ള നയമായിരുന്നു ഇക്കാര്യത്തില്‍ സിപിഎം അവതരിപ്പിച്ചത്. കോട്ടയത്ത് തന്നെയായിരുന്നു വാസവന്റെ മത്സരം.
അതുകൊണ്ട് തന്നെ സെക്രട്ടറിയുടെ അഭാവം ജില്ലയില്‍ ഉണ്ടാകുന്നില്ല. എന്നാല്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് വടകര ലോക്സഭാ മണ്ഡലം. അതുകൊണ്ട് തന്നെ പി.ജയരാജന് കണ്ണൂര്‍ ജില്ലയില്‍ നിന്ന് മാറിനില്‍ക്കേണ്ടിവന്നു. ഈ സാഹചര്യത്തില്‍ പകരക്കാരനെ കണ്ടെത്തേണ്ടി വന്നുവെന്നായിരുന്നു സിപിഎം അന്ന് അനൗദ്യോഗികമായി നല്‍കിയ സൂചന. മല്‍സര കാലയളവില്‍ വാസവന്‍ താല്‍കാലികമായി കോട്ടയം ജില്ലാ സെക്രട്ടറിയുടെ ചുമതല മറ്റൊരാളെ ഏല്‍പിക്കുകയായിരുന്നു. ഇതേ നയം തുടര്‍ന്നാല്‍ എം.വി.ജയരാജന് രാജി വയ്ക്കേണ്ടി വരില്ല.
കണ്ണൂര്‍ ജില്ലയില്‍ തന്നെ ഒതുങ്ങുന്നതാണ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം. ജില്ല വിട്ടുള്ള പ്രചാരണം വേണ്ടിവരില്ല. ജയരാജന്റെ സാന്നിധ്യം ജില്ലയില്‍ തന്നെയുണ്ടാകുകയും ചെയ്യും. ഈ മാനദണ്ഡം ഇത്തവണയും തുടരാന്‍ തീരുമാനിച്ചാല്‍ എം.വി.ജയരാജന് മാത്രമല്ല, തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെന്ന പദവിയുമായി ആറ്റിങ്ങലില്‍ വി.ജോയിയ്ക്കും മത്സരിക്കാം. കാസര്‍കോട്ട് എം.വി.ബാലകൃഷ്ണനും തിരഞ്ഞെടുപ്പ് കാലത്ത് സെക്രട്ടറിപദം രാജിവയ്ക്കേണ്ടി വരില്ല.
അതേസമയം വാസവന് 2019ല്‍ കിട്ടിയ പരിഗണന ഇത്തവണ ആര്‍ക്കും കിട്ടണമെന്നുമില്ല. എന്നാല്‍ കിട്ടാനും സാധ്യതയുണ്ട്. ഇതെല്ലാം മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ചേര്‍ന്ന് രൂപപ്പെടുത്തും. സ്വാഭാവികമായും മുഖ്യമന്ത്രിയുടെ താല്‍പര്യത്തിന് തന്നെയാകും മുന്‍തൂക്കം. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം ഈ മൂന്നു പേരില്‍ ആര് ലോക്സഭാ അംഗമായാലും ഉറപ്പായും ജില്ലാ സെക്രട്ടറി സ്ഥാനം മാറേണ്ടി വരും. ഡല്‍ഹിയിലേക്ക് പ്രവര്‍ത്തന മണ്ഡലം മാറ്റേണ്ടി വരുമെന്നത് കാരണമാണ് ഇത്.
അതുകൊണ്ട് തന്നെ മൂന്ന് പേരും ജയിക്കുമെന്ന പ്രതീക്ഷയില്‍ പകരക്കാരുടെ ചര്‍ച്ച സിപിഎമ്മില്‍ തുടങ്ങി കഴിഞ്ഞു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച ചുരുങ്ങിയ കാലം കൊണ്ട് വിശ്വാസ്യത നേടിക്കഴിഞ്ഞ കെ.കെ.രാഗേഷിന് തന്നെയാകും കണ്ണൂരില്‍ മുന്‍ഗണന. എന്നാല്‍ സെക്രട്ടറിയേറ്റിലെ ഉത്തരവാദിത്തം വേണ്ടെന്ന് വച്ച് പി.ശശി മടങ്ങാന്‍ തീരുമാനിച്ചാല്‍ അവിടെ മുഖ്യമന്ത്രിയുടെ തീരുമാനം നിര്‍ണ്ണായകമാണ്. പഴയ വിവാദങ്ങളുടെ ചൂട് ഒടുങ്ങാത്തത് കൊണ്ട് തന്നെ കണ്ണൂരിലെ പാര്‍ട്ടിയില്‍ പി.ശശിയോട് എതിര്‍പ്പ് സൂക്ഷിക്കുന്നവരുണ്ട്. ഇതെല്ലാം പരിഗണിക്കേണ്ടി വരും.
വടകരയില്‍ മത്സരിക്കുന്ന കെ.കെ.ശൈലജ ഉറപ്പായും ജയിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍. അങ്ങനെ വന്നാല്‍ മട്ടന്നൂരില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് വരും. ഇവിടേക്കും സ്ഥാനാര്‍ത്ഥിയെ സിപിഎമ്മിന് നിശ്ചയിക്കേണ്ടി വരും. ഈ സ്ഥാനാര്‍ത്ഥി ആരെന്നതും കണ്ണൂരിലെ സിപിഎം ജില്ലാ സെക്രട്ടറിക്ക് പകരക്കാരനെ നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായകമാകും. കണ്ണൂരില്‍ എം.വി.ജയരാജനും വലിയ ജയസാധ്യതയുണ്ട് എന്നാണ് സിപിഎം സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. അതുകൊണ്ട് കൂടിയാണ് മട്ടന്നൂര്‍ സ്ഥാനാര്‍ത്ഥിയിലും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയിലും പാര്‍ട്ടിക്കുള്ളില്‍ ഇപ്പോഴേ ചര്‍ച്ചകള്‍ തുടങ്ങുന്നത്.
ഇടതു കണ്‍വീനറായ ഇപി ജയരാജനും കണ്ണൂരില്‍ സ്വാധീനം തിരിച്ചുപിടിക്കണമെന്ന് ആഗ്രഹമുണ്ട്. അതുകൊണ്ട് തന്നെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആരാകണമെന്നതില്‍ നിലപാട് അറിയിച്ചേക്കും. ഇതിനൊപ്പം ഉപതിരഞ്ഞെടുപ്പ് വന്നാല്‍ മട്ടന്നൂരിലെ മുന്‍ എംഎല്‍എയായ ഇപിയ്ക്ക് വീണ്ടും എംഎല്‍എയാകാനും മോഹമുദിക്കും. ഇങ്ങനെ പല ഘടകങ്ങള്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ സംബന്ധിച്ച തീരുമാനങ്ങളെ സ്വാധീനിക്കും. ഏതായാലും ഇതുവരെയുള്ള കൂടിയാലോചനകളില്‍ കെ.കെ.രാഗേഷാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ കസേരക്ക് ഏറ്റവുമടുത്ത് നില്‍ക്കുന്നത് എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന