ഏപ്രില്‍ 1 മാസം മുതല്‍ അവശ്യ മരുന്നുകളുടെ വില വര്‍ദ്ധിക്കുന്നു. 2021 കലണ്ടര്‍ വര്‍ഷത്തേക്കുള്ള മൊത്ത വില സൂചികയില്‍ 10.7 ശതമാനം മാറ്റം നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ പനിയുള്‍പ്പെടെ സാധാരണ രോഗങ്ങള്‍ക്ക് ചികിത്സിക്കാന്‍ ഉപയോഗിക്കുന്നതും ദേശീയ പട്ടികയില്‍ ഷെഡ്യൂള്‍ ചെയ്തതുമായ ഏകദേശം 800 അവശ്യ മരുന്നുകളുടെ വില 10.7 ശതമാനം വര്‍ദ്ധിക്കുമെന്നാണ് സൂചനകള്‍.
വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവിന്റെ ഓഫീസ് നല്കിയ മൊത്ത വില സൂചിക വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് വില വര്‍ദ്ധനവ് ഇന്ത്യയില്‍ നിലവില്‍ വരുന്നത്.
പനി, അണുബാധ, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, ത്വക്ക് രോഗങ്ങള്‍, വിളര്‍ച്ച തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വില കൂടുമെന്നാണ് സൂചനകള്‍. പാരസെറ്റമോള്‍, ഫിനോബാര്‍ബിറ്റോണ്‍, ഫെനിറ്റോയിന്‍ സോഡിയം, അസിത്രോമൈസിന്‍, സിപ്രോഫ്ലോക്സാസിന് ഹൈഡ്രോക്ലോറൈഡ്, മെട്രോണിഡാസോള്‍ തുടങ്ങിയ മരുന്നുകളും വിലകൂടുന്നവയില്പ്പെടുന്നു.