നവകേരള സദസില്‍ കിട്ടിയ ദുരിതാശ്വാസ നിധി അപേക്ഷയടക്കം അയച്ചത് കണ്ണൂര്‍ നഗരസഭയ്ക്ക്

തിരുവനന്തപുരം: നവകേരള സദസില്‍ കിട്ടിയ പരാതികള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നുവെന്ന് ആക്ഷേപം. കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം തേടിയുളള അപേക്ഷ പോലും നടപടിക്കായി അയച്ചത് കോര്‍പ്പറേഷന്‍ ഓഫീസിലേക്കാണ്. ഒന്നും ചെയ്യാനില്ലാത്തതിനാല്‍ പരാതികള്‍ തിരിച്ചയക്കുകയാണ് നഗരസഭ. തരംതിരിച്ച് നല്‍കിയതില്‍ വരുന്ന പിഴവെന്ന് ജില്ലാ ഭരണകൂടം വിശദീകരിക്കുന്നു.
നവകേരള സദസ്സില്‍ കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളിലായി കിട്ടിയത് 4857 പരാതികള്‍. അത് തരംതിരിച്ച് ഓരോ വകുപ്പിലേക്കും അയച്ചു. വകുപ്പുകള്‍ അതത് ഓഫീസുകളിലേക്കും. അങ്ങനെ കണ്ണൂര്‍ കോര്‍പ്പറേഷനിലെത്തിയത് 514 പരാതികള്‍. അതിലാണ് ആക്ഷേപം. കോര്‍പ്പറേഷന് പരിഹാരം കാണാനാവാത്ത, നഗരസഭയുമായി ഒരു ബന്ധവുമില്ലാത്ത പരാതികളും കൂട്ടത്തിലെത്തി. നഗരസഭാ പരിധിക്ക് പുറത്തുളളയാളുടെ പരാതിയും കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് അയച്ചിട്ടുണ്ട്. എല്ലാ പരാതിയിലും പരിഹാരം കണ്ട്, പരാതിക്കാരനെ അറിയിച്ച്, റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം കൊടുക്കാനടക്കമുള്ള നടപടി നിര്‍ദേശത്തില്‍ കോര്‍പ്പറേഷന്‍ കൈമലര്‍ത്തുന്നു. അതേസമയം പരാതികള്‍ തരംതിരിച്ച് നല്‍കിയതില്‍ വന്ന മാനുഷിക പിഴവെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. വേഗത്തില്‍ തീര്‍പ്പാക്കേണ്ടതിനാല്‍ അതിവേഗത്തിലാണ് പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയച്ചത്. വിലാസം തെറ്റി വന്നത് തിരിച്ചയച്ചാല്‍ മതിയെന്നും ജില്ലാ ഭരണകൂടം അറിയിക്കുന്നു. അപ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങളൊന്നാകെ ചലിച്ച്, കൗണ്ടറിട്ട്, മന്ത്രിസഭ ഒന്നാകെയെത്തിയ വേദിയില്‍ വാങ്ങിയ പരാതികള്‍, ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും തട്ടാനാണോ എന്ന സംശയമാണ് ബാക്കിയാകുന്നത്.
140 അസംബ്ലി മണ്ഡലങ്ങളിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ ഔദ്യോഗിക പര്യടനം നടത്തി സമസ്ത മേഖലയിലെയും പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും, മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന സദസും നടത്തുന്ന പരിപാടിയാണ് നവകേരള സദസ്. ഇതില്‍ പരാതികള്‍ നേരിട്ട് വാങ്ങി പരിഹാരം അതിവേഗം കാണുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ തുടക്കം മുതലുള്ള വിവാദങ്ങള്‍ക്കും, രൂക്ഷമായ പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കിടയിലൂടെയാണ് യാത്ര കടന്നുപോകുന്നത്. നവംബര്‍ 18ന് ആരംഭിച്ച നവകേരള സദസ് ഡിസംബര്‍ 23 വരെയാണ് നടക്കുക.