സാമ്പത്തിക വിഷയത്തിൽ കേരള – കേന്ദ്ര സർക്കാരുകൾക്ക് ചർച്ച നടത്തി പരിഹാരം കണ്ടെത്തിക്കൂടേയെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: സാമ്പത്തിക വിഷയത്തിൽ കേരള – കേന്ദ്ര സർക്കാരുകൾക്ക് ചർച്ച നടത്തി പരിഹാരം കണ്ടെത്തിക്കൂടേയെന്ന് സുപ്രീം കോടതി. കേന്ദ്ര സർക്കാർ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരെ കേരള സർക്കാർ നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം ചോദിച്ചത്.

ചർച്ചയ്‌ക്ക് തയ്യാറാണെന്ന് കേരളവും കേന്ദ്രവും മറുപടി നൽകി. കേരള ധനമന്ത്രിയും കേന്ദ്ര ധനകാര്യ സെക്രട്ടറിയും ചർച്ച നടത്തട്ടെയെന്ന് സുപ്രീം കോടതി നിർദേശിച്ചു. വിഷയത്തിൽ ഇന്ന് രണ്ട് മണിക്ക് നിലപാട് അറിയിക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടു. ചർച്ചയുണ്ടെങ്കിൽ ധനമന്ത്രി ഇന്നോ നാളെയോ ഡൽഹിയിൽ എത്തുമെന്ന് കേരളം വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന് ഇനിയും കടമെടുക്കാൻ അനുമതി നൽകുന്നത് സംസ്ഥാനത്തെ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നയിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

കേരളത്തിന് ഇനിയും കടമെടുക്കാൻ അനുമതി നൽകുന്നത് സാമ്പത്തിക ചട്ടക്കൂടിനെ ദോഷകരമായി ബാധിക്കും. സംസ്ഥാനങ്ങളുടെ മോശം സാമ്പത്തിക മാനേജ്മെന്റിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാകും. കടമെടുപ്പിന് അനുമതി നൽകുന്നത് ദീർഘകാല അടിസ്ഥാനത്തിൽ നല്ലതല്ല. വായ്പാച്ചെലവ് കൂട്ടുകയും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുകയും ചെയ്യും. ഭരണഘടനാ വ്യവസ്ഥകൾ ഉപയോഗിച്ചു കേരളത്തിന്റെ കടമെടുപ്പുതോത് കേന്ദ്രം നിയന്ത്രിച്ചില്ലായിരുന്നെങ്കിൽ കേരളം ഇതിലും വലിയ പ്രതിസന്ധിയിലാകുമെന്നുമാണ് കേന്ദ്രത്തിന്റെ മറുപടി.

കടമെടുക്കാൻ അനുവദിച്ച് ഇടക്കാല ഉത്തരവ് ഇറക്കണമെന്ന കേരളത്തിന്റെ അപേക്ഷയിലാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം മറുപടി സത്യവാങ്മൂലം നൽകിയത്.ഏത് സർക്കാർ സ്ഥാപനം എടുക്കുന്ന വായ്‌പയും സംസ്ഥാനകടമായി കേന്ദ്രം പരിഗണിക്കുന്നുവെന്ന കേരളത്തിന്റെ വാദവും സത്യവാങ്‌മൂലത്തിൽ തള്ളി. കെഎസ്‌ആർടിസി, കെഎസ്‌ഇബി തുടങ്ങിയ സ്ഥാപനങ്ങൾ സ്വന്തം നിലയ്‌ക്കെടുക്കുന്ന വായ്‌പകൾക്ക് എതിരല്ലെന്നും കേന്ദ്രം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *