ന്യൂഡല്‍ഹി: ജനങ്ങള്‍ തിരഞ്ഞെടുത്ത അധികാരികളല്ല തങ്ങളെന്ന വസ്തുത ഗവര്‍ണര്‍മാര്‍ മറക്കരുതെന്ന് സുപ്രീം കോടതി. ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ സംസ്ഥാനങ്ങള്‍ സുപ്രീം കേടതിയില്‍ എത്തുന്നതുവരെ കാത്തിരിക്കുന്ന പ്രവണത ഗവര്‍ണര്‍മാര്‍ അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു.പഞ്ചാബ് ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ വിമര്‍ശനം. പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഇത് രണ്ടാം തവണയാണ് ഗവര്‍ണര്‍ക്കെതിരെ ഹര്‍ജി നല്‍കുന്നത്. മൂന്ന് പണബില്ലുകള്‍ അടക്കം അഞ്ച് ബില്ലുകളിലാണ് പഞ്ചാബ് ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിത് തീരുമാനമെടുക്കാനുള്ളതെന്ന് ഭഗവന്ത് മന്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു.
നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനം വൈകിപ്പിക്കുന്നു എന്നാണ് റിട്ട് ഹര്‍ജിയില്‍ സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്.ബില്ലുകള്‍ ഒപ്പിടാന്‍ വൈകുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നുവെന്നും ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ സി കെ ശശിയാണ് ഹര്‍ജി നല്‍കിയത്. ബില്ലുകളില്‍ സമയബന്ധിതമായി തീരുമാനം എടുക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.പഞ്ചാബിനും കേരളത്തിനും പുറമേ തെലങ്കാന, തമിഴ്നാട് സര്‍ക്കാരുകളും ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ തീരുമാനം വൈകുന്നുവെന്ന് ആരോപിച്ചാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിനെതിരെ രാഷ്ട്രീയ എതിരാളികളെപ്പോലെ ഗവര്‍ണര്‍ പെരുമാറുന്നുവെന്ന് തമിഴ്നാട് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.