മന്ത്രി പി രാജീവിന്റെ റൂട്ട് തെറ്റിച്ച പോലീസുകാരുടെ സസ്പെന്ഷന് പിന്‍വലിച്ചു.

തിരുവനന്തപുരം: മന്ത്രി പി രാജീവിന്റെ റൂട്ട് തെറ്റിച്ചതിനാല്‍ സസ്പെന്‍ഡ് ചെയ്ത പൊലീസുകാരെ തിരിച്ചെടുത്തു. ഈ മാസം 16 നാണ് നെയ്യാറ്റിന്‍കരയിലെ യോഗത്തില്‍ നിന്നും മടങ്ങിയ മന്ത്രിക്ക് എസ്കോര്‍ട്ട് പോയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്.റൂട്ട് മാറ്റിയതിലുള്ള അതൃപ്തി മന്ത്രി രേഖപ്പെടുത്തിയതിനാലാണ് നടപടി എടുത്തത്. എന്നാല്‍ സസ്പെന്‍ഡ് ചെയ്ത ഉത്തരവിനെതിരെ മന്ത്രി രംഗത്തെത്തിയിരുന്നു. താന്‍ അതൃപ്തി അറിയിച്ചതു കൊണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തത് ശരിയല്ലെന്ന് മന്ത്രി പറഞ്ഞിരുന്നു.
തിരുവനന്തപുരം പള്ളിച്ചല്‍ മുതല്‍ വെട്ടുറോഡ് വരെ മന്ത്രിക്ക് എസ്കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായ ഗ്രേഡ് എസ്ഐ എസ് എസ് സാബുരാജന്, സിപിഒ സുനില്‍ എന്നിവരെയായിരുന്നു സസ്പെന്‍ഡ് ചെയ്തത്.
തിരക്കും കുഴികളുമുള്ള വഴിക്ക് പകരം നല്ല വഴി തിരഞ്ഞെടുത്ത ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. വിശദീകരണം പോലും ചോദിക്കാതെയാണ് നടപടി എടുത്തത്.