സര്‍വകലാശാലാ പ്രതിനിധിയെ നല്‍കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം കാര്‍ഷിക സര്‍വകലാശാല തള്ളി

തിരുവനന്തപുരം :സ്ഥിരം വൈസ് ചാന്‍സലറെ നിയമിക്കുന്നതിനുള്ള സേര്‍ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാലാ പ്രതിനിധിയെ നല്‍കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം കാര്‍ഷിക സര്‍വകലാശാലാ ജനറല്‍ കൗണ്‍സില്‍ യോഗം തള്ളി. ഗവര്‍ണറുടെ നിര്‍ദേശപ്രകാരം ചേര്‍ന്ന യോഗം, നിയമസഭ പാസാക്കിയ സര്‍വകലാശാലാ നിയമ ഭേദഗതി രാഷ്ട്രപതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ സേര്‍ച് കമ്മിറ്റിയിലേക്കു പ്രതിനിധിയെ നല്‍കേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.

പ്രോ ചാന്‍സലര്‍ കൂടിയായ കൃഷിമന്ത്രി പി.പ്രസാദും എല്‍ഡിഎഫ് തീരുമാനത്തെ അനുകൂലിച്ചു വോട്ട് ചെയ്തു. മുന്‍ വിസിയും ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാനുമായ ഡോ. പി.രാജേന്ദ്രനെ സേര്‍ച് കമ്മിറ്റിയിലേക്കുള്ള സര്‍വകലാശാലാ പ്രതിനിധിയായി തിരഞ്ഞെടുക്കണമെന്ന ഔദ്യോഗിക പ്രമേയം വിസി ഡോ. ബി. അശോക് അവതരിപ്പിച്ചു. കോണ്‍ഗ്രസിലെ 4 അംഗങ്ങള്‍ ഇതിനെ അനുകൂലിച്ചപ്പോള്‍ സിപിഎമ്മിന്റെയും സിപിഐയുടെയും അംഗങ്ങളും ഔദ്യോഗിക അംഗങ്ങളും പ്രമേയം തള്ളണമെന്ന് ആവശ്യപ്പെട്ടു. നാലിനെതിരെ 19 വോട്ടിനു പ്രമേയം തള്ളി.

ഗവര്‍ണറുടെ തീരുമാനം ഇനി ഹൈക്കോടതി നിര്‍ദേശമനുസരിച്ച്

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്ന കാര്യത്തില്‍ ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ചു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തീരുമാനമെടുക്കും. സ്ഥിരം വിസിയെ നിയമിക്കാനുള്ള സേര്‍ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാലാ പ്രതിനിധിയെ നല്‍കണമെന്ന തന്റെ നിര്‍ദേശം കാര്‍ഷിക സര്‍വകലാശാലാ ജനറല്‍ കൗണ്‍സില്‍ തള്ളിയ കാര്യം അദ്ദേഹം ഹൈക്കോടതിയെ അറിയിക്കും. ഇക്കാര്യത്തില്‍ മറ്റു സര്‍വകലാശാലകള്‍ വരും ദിവസങ്ങളില്‍ എടുക്കാന്‍ പോകുന്ന തീരുമാനവും ഹൈക്കോടതിയെ അറിയിക്കാനാണ് ഗവര്‍ണര്‍ ഉദ്ദേശിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇനി എന്തു വേണമെന്ന് നിര്‍ദേശിക്കണമെന്നും അഭ്യര്‍ഥിക്കും. കോടതി നിര്‍ദേശമനുസരിച്ചു പ്രവര്‍ത്തിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. നാളെ നിയമസഭയില്‍ അവതരിപ്പിക്കേണ്ട, ഉപ ധനാഭ്യര്‍ഥനയുമായി ബന്ധപ്പെട്ട ധനവിനിയോഗ ബില്‍, വോട്ട് ഓണ്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട ധനവിനിയോഗ ബില്‍ എന്നിവയ്ക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കിയിരുന്നു. മുന്‍സിഫ് മജിസ്‌ട്രേട്ട് ട്രെയിനികളുടെ നിയമനവുമായി ബന്ധപ്പെട്ട ഫയലും അദ്ദേഹം അംഗീകരിച്ചു. ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍മാരായി 3 പേരെ നിയമിക്കണമെന്ന സമിതിയുടെ ശുപാര്‍ശ രാജ്ഭവനില്‍ എത്തിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *