ഭര്‍ത്താവിനെ കാണാനില്ലെന്ന് യുവതി, നാല് പേരെ പൊക്കി പൊലീസ്

കണ്ണൂര്‍/ തിരുവനന്തപുരം: ഭര്‍ത്താവിനെ കാണാനില്ലെന്ന യുവതിയുടെ പരാതിയില്‍ നാല് പേരെ പിടികൂടി പൊലീസ്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി രഞ്ജിത്തിനെ (32) പൂന്തുറയില്‍ നിന്ന് കാണാനില്ലെന്ന് കാണിച്ചാണ് ഭാര്യ പൂന്തുറ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. തിരുവനന്തപുരം വെമ്പായം സ്വദേശികളായ ഷംനാജ് (39), എം എ നജിംഷാ (41), ബിജു പ്രസാദ് (28), കെ അജിത് കുമാര്‍ (56) എന്നിവരെയാണ് കണ്ണൂര്‍ പയ്യന്നൂര്‍ പൊലീസ് പിടികൂടിയത്.

പ്രതികള്‍ക്കൊപ്പം രഞ്ജിത്തും ഉണ്ടായിരുന്നു. വിവരമറിഞ്ഞു പൂന്തുറ പൊലീസ് പയ്യന്നൂരിലേക്കു തിരിച്ചു. പൊലീസ് രഞ്ജിത്തിനെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. നാലംഘ സംഘവും രഞ്ജിത്തും കാസര്‍കോട് ഭാഗത്തേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്നു മനസ്സിലാക്കിയ പൂന്തുറ പൊലീസ് വിവരം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സ്റ്റേഷനുകളില്‍ അറിയിച്ചു.

തുടര്‍ന്നാണു സംഘം സഞ്ചരിച്ചിരുന്ന കാര്‍ വ്യാഴാഴ്ച രാത്രി പയ്യന്നൂര്‍ ബസ് സ്റ്റാന്‍ഡിനു സമീപത്ത് എത്തിയപ്പോള്‍ പൊലീസ് തടഞ്ഞു നിര്‍ത്തി കസ്റ്റഡിയിലെടുത്തത്. തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും സംഘത്തോടൊപ്പം ഗോവയിലേക്കു പോകുകയാണെന്നുമാണു രഞ്ജിത് പൊലീസിനു മൊഴി നല്‍കിയത്. സാമ്പത്തിക ഇടപാടിനെ തുടര്‍ന്നാണു തട്ടിക്കൊണ്ടു പോകലെന്നും സൂചനയുണ്ട്. അഞ്ച് പേരെയും വിശദമായി ചോദ്യം ചെയ്തതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകുകയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *