വനിതാ സംവിധായിക ഭീഷണിപ്പെടുത്തി അശ്ലീലചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന് യുവാവിന്റെ പരാതി…ചിത്രത്തിന്റെ ടീസറും എഗ്രിമെന്റ് ദൃശ്യങ്ങളും പുറത്തുവിട്ട് നിര്‍മാതാക്കള്‍

ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തില്‍ വനിതാ സംവിധായിക അഭിനയിപ്പിച്ചെന്ന് യുവാവിന്റെ പരാതി. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയാണ് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നല്‍കിയത്. അഭിനയമോഹവുമായി എത്തിയ തന്നെ ഒടിടി പ്ലാറ്റ്ഫോമും സംവിധായികയും തെറ്റിദ്ധരിപ്പിച്ച് അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്നാണ് പരാതി.
അശ്ലീല ചിത്രമാണെന്ന് ആദ്യം പറഞ്ഞിരുന്നില്ല. സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ച ശേഷം കരാറില്‍ ഒപ്പുവെപ്പിച്ചു. പിന്നീട് അശ്ലീല ചിത്രമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി അഭിനയിപ്പിക്കുകയായിരുന്നെന്നാണ് യുവാവിന്റെ പരാതി.അരുവിക്കരയിലെ ആളൊഴിഞ്ഞ ഒരു ഫ്‌ളാറ്റില്‍ വച്ചായിരുന്നു സീരീസിന്റെ ചിത്രീകരണം. മൊബൈല്‍ റേഞ്ച് പോലും സ്ഥലത്തുണ്ടായിരുന്നില്ല. അശ്ലീലചിത്രത്തില്‍ അഭിനയിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതോടെ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംവിധായിക ആവശ്യപ്പെട്ടെന്നും യുവാവ് പറഞ്ഞു. ദീപവാലിക്ക് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുമെന്നാണ് നിര്‍മാതാക്കള്‍ പറഞ്ഞിരിക്കുന്നത്. ചിത്രം ഇറങ്ങിയാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും യുവാവ് പറഞ്ഞു.
യുവാവിന്റെ പരാതിക്ക് പിന്നാലെ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് നിര്‍മാതാക്കള്‍. സീരീസിന്റെ കരാറില്‍ ധാരണയാവുന്ന ദൃശ്യങ്ങള്‍ അടങ്ങിയ ടീസറാണ് പുറത്തുവന്നിരിക്കുന്നത്. 90 ശതമാനം നഗ്‌നതയാവാമെന്ന് യുവാവുമായി കരാറുണ്ടെന്നാണ് സംവിധായിക പറയുന്നു. സീരിസില്‍ അഭിനയിച്ച യുവാവ് അടക്കമുള്ള അഭിനേതാക്കള്‍ സമ്മതം വാങ്ങിയതാണെന്നും സംവിധായിക അവകാശപ്പെടുന്നു.