യുവതിക്ക് വിവാഹവാഗ്ദാനം നൽകി വർഷങ്ങളായി പീഡിപ്പിച്ചു; ഉത്തർപ്രദേശിൽ കോൺഗ്രസ് എംപി അറസ്റ്റിൽ

ന്യൂഡൽഹി: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഉത്തർപ്രദേശിലെ ലോക്‌സഭാംഗം അറസ്റ്റിൽ. കോൺഗ്രസ് എംപിയായ രാകേഷ് റാത്തോറാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ സീതാപുരിൽ നിന്നുള്ള ലോക്സഭാ എംപിയാണ് രാകേഷ്. വാർത്താസമ്മേളനം നടത്തുന്നതിനിടെയാണ് രാകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
വിവാഹ വാഗ്ദാനം നൽകി കഴിഞ്ഞ നാല് വർഷമായി പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി.ഇതിൽ ജനുവരി 17ന് രാകേഷിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. യുവതിക്ക് രാഷ്ട്രീയ പ്രവേശനവും രാകേഷ് വാഗ്ദാനം ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു. ഇരുവരുടെയും ഫോൺ കോൾ സംഭാഷണങ്ങളുടെ വിവരങ്ങളും യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്.
കേസ് ഒത്തുതീർപ്പാക്കാൻ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് യുവതിയുടെ ഭർത്താവും കഴിഞ്ഞ ആഴ്ച രാകേഷിനും അദ്ദേഹത്തിന്റെ മകനും എതിരെ പരാതി നൽകിയിരുന്നു. രാകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം അലഹബാദ് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. കോൺഗ്രസിൽ ചേരുന്നതിന് മുൻപ് ബിജെപി സ്ഥാനാർത്ഥിയായും സ്വതന്ത്രനായും നിയമസഭാ തിരഞ്ഞെടുപ്പിൽ രാകേഷ് മത്സരിച്ചിട്ടുണ്ട്.