ഐക്യത്തില്‍ രാഷ്ട്രീയമില്ല; വെള്ളാപ്പള്ളി

തനിക്ക് പത്മഭൂഷന്‍ കിട്ടിയത് സംഘടനയെ മുന്നോട്ട് നയിച്ചതിലെ മികവ് കൊണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്എന്‍ഡിപിയുടെ ലക്ഷ്യം നായര്‍- ഈഴവ ഐക്യമല്ല. നായാടി മുതല്‍ നസ്രാണി വരെയുള്ള ഐക്യമാണ് ലക്ഷ്യം. ഐക്യത്തില്‍ രാഷ്ട്രീയമില്ലെന്നും മുസ്ലീം ലീഗിനൊഴികെആര്‍ക്കും അതിനൊപ്പം ചേരാമെന്നും വെള്ളാപ്പള്ളി നടേശന്.
മതവിദ്വേഷമില്ല. മുസ്ലീങ്ങളോട് വിരോധമില്ല. ലീഗ് കാണിച്ച വിഭാഗീയത ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു. എതിര്‍പ്പ് മുസ്ലീം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയോട് മാത്രമാണ്. ലീഗ് ഈഴവ സമുദായത്തെ ചതിച്ചവരാണ്. ആ സത്യങ്ങള്‍ വിളിച്ചു പറയുമ്പോള്‍ മുസ്ലീം സമുദായത്തെ ആക്ഷേപിച്ചു എന്നാണ് വരുത്തി തീര്‍ക്കുന്നത്. ഈഴവ സമുദായത്തെ തകര്‍ക്കാന്‍ ശ്രമം. കയ്യും കെട്ടി നോക്കി നില്ക്കാന് ആവില്ലെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
തന്നെയും എസ്എന്‍ഡിപിയെയും തകര്‍ക്കാനും തളര്‍ത്താനും പല രീതിയിലുള്ള ശ്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ നോക്കി നില്ക്കാന് കഴിയില്ലെന്നും അതിനല്ല പഠിച്ചതെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. സമൂഹിക-രാഷ്ട്രീയ-സാമ്പത്തിക നീതി ലഭിക്കണം. അത് ലഭിച്ചില്ലെങ്കില്‍ തുറന്നുപറയേണ്ടി വരും. തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക് നേരെ വിരല്‍ ചൂണ്ടും. അത് സമുദായത്തിന്റെ കടമയാണ്. അതാണ് താന്‍ നിറവേറ്റുന്നതെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
എസ്എന്‍ഡിപി തുറന്ന പുസ്തകമാണെന്നും ആര്‍ക്കും വിമര്‍ശിക്കാമെന്നും അദേഹം പറഞ്ഞു. ഹിന്ദുക്കളുടെ ഐക്യം കാലഘട്ടത്തിന് അനിവാര്യമായിരുന്നു. സുകുമാരന്‍ നായര്‍ സഹകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. സഹകരിക്കുമെന്ന് ആദ്യം പ്രതികരിച്ചിരുന്നുവെന്ന് വെള്ളപ്പള്ളി നടേശന് പറഞ്ഞു. തനിക്കെതിരെയുള്ള വിമര്‍നങ്ങള്‍ക്കെതിരെ ചുട്ടമറുപടി നല്കി, തന്നെ കരുത്തനായി നിര്‍ത്തിയതാണ് സുകുമാരന്‍ നായര്‍ എന്ന് അദേഹം പറഞ്ഞു. ഐക്യത്തിന് വളരെ പിന്‍ബലം നല്‍കിയിരുന്നുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.