തിരുവനന്തപുരം: തിരുവല്ലത്ത് കസ്റ്റഡിയില്‍ സുരേഷ് മരിച്ച സംഭവത്തില്‍ പോലീസിന് കുരുക്ക് മുറുകി. മരിച്ച സുരേഷിനെ മര്‍ദ്ദിച്ചില്ലന്ന പോലീസ് വാദം പൊളിയുന്നു. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് തിരുവല്ലം പോലീസ് സ്റ്റേഷനിലെ എസ്ഐമാരായ ബിപിന്‍ പ്രകാശ്, വൈശാഖ്, ഗ്രേഡ് എസ്ഐ സജീവ് എന്നിവരെ സിറ്റി പൊലീസ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് പ്രതി മരിച്ചതെങ്കിലും സുരേഷിന്റെ ശരീരത്തിലെ ചതവുകള്‍ ഹൃദ്രോഗത്തിന് ആക്കം കുട്ടാന്‍ കാരണമായിരിക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സുരേഷിന്റെ ശരീരത്തിലുണ്ടായ ചതവുകളില്‍ അന്വേഷണം വേണമെന്നും പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചു. തിരുവല്ലം ജഡ്ജികുന്നില്‍ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ചതിനാണ് സുരേഷ് ഉള്‍പ്പടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 28 നായിരുന്നു സംഭവം. പിറ്റേദിവസം പൊലീസ് കസ്റ്റഡിയിലിരിക്കെ സുരേഷ് മരിച്ചു.
നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ സുരേഷ് മരിച്ചെന്നായിരുന്നു പൊലീസ് വിശദീകരണം. എന്നാല്‍ പൊലീസ് മര്‍ദ്ദനമാണ് മരണകാരണമെന്ന് നാട്ടുകാരും സുരേഷിന്റെ കുടുംബവും ആരോപിച്ചതോടെ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തുകയായിരുന്നു. പ്രതികളെ രാത്രിയില്‍ കസ്റ്റഡിയിലെടുത്ത ശേഷം വൈദ്യപരിശോധനക്ക് കൊണ്ടുപോയപ്പോഴും കൊണ്ടുവന്നപ്പോഴും സ്റ്റേഷന് ജനറല്‍ ഡയറിയില്‍ രേഖപ്പെടുത്തിയില്ലെന്നും വകുപ്പ് തല അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ വീഴ്ച്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു.