തിരുവനന്തപുരം: ഈ വര്‍ഷത്തെ ആര്.ശങ്കര്‍ പുരസ്കാരം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മരണാനന്തര ബഹുമതിയായി സമ്മാനിക്കുമെന്ന് ആര്.ശങ്കര്‍ ഫൗണ്ടേഷന് ഒഫ് കേരള പ്രസിഡന്റ് ടി. ശരത്ചന്ദ്രപ്രസാദ് അറിയിച്ചു. 1,00,001രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ഡിസംബര്‍ ആദ്യവാരം നടക്കുന്ന ചടങ്ങില്‍ നല്‍കും.
മുന്‍ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, ഭാഷാ ഇന്‍സ്റ്റിറ്ര്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ.എം.ആര്.തമ്പാന്, മുന്‍ ഡി.ജി.പി കെ.പി.സോമരാജന് എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്രിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 2013ല്‍ ആര്.ശങ്കറിന്റെ പ്രതിമ പാളയത്ത് സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലവും നിര്‍മ്മാണച്ചെലവിനായി 30 ലക്ഷം രൂപയും അനുവദിച്ചത് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയായിരുന്നു.