‘കുറ്റം എന്താണെന്ന് ഇ.ഡി പറയാതെ ഹാജരാകില്ല’; സമന്‍സ് പിന്‍വലിക്കണമെന്ന് തോമസ് ഐസക്

താന്‍ ചെയ്തിട്ടുള്ള കുറ്റം എന്താണെന്ന് പറയാതെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ലെന്ന് മുന്‍ധനമന്ത്രി തോമസ് ഐസക്. നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടുള്ള സമന്‍സ് ഇഡി പിന്‍വലിക്കണം. കാരണം പറഞ്ഞാന്‍ നിയമാനുസൃതമായി ചോദ്യം ചെയ്യലിന് ഹാജരാകുന്നതില്‍ യാതൊരു എതിര്‍പ്പുമില്ലെന്നും തോമസ് ഐസക് പ്രതികരിച്ചു.
‘കാരണം പറയാതെ ഏകപക്ഷീയമായി രണ്ട് സമന്‍സാണ് ഇഡി അയച്ചത്. രണ്ടിലും എന്താണ് കുറ്റമെന്ന് പറയാതിരിക്കുക. ഞാനോ കിഫ്ബിയോ ഫെമ നിയമം ലംഘിച്ചിട്ടുണ്ടോ? ഇതാണ് അവരുടെ അഭിപ്രായം എങ്കില്‍ അത് ആദ്യം ചൂണ്ടിക്കാണിക്കേണ്ടത് ആര്‍ബിഐ അല്ലെ. പ്രത്യേക ലക്ഷ്യമൊന്നുമില്ലാതെയാണ് അന്വേഷണം. ഇങ്ങനെ പാടില്ലെന്ന് സുപ്രീംകോടതി പലതവണ പറഞ്ഞിട്ടുള്ളതാണ്. എന്താണ് എന്റെ പേരിലുള്ള കുറ്റമെന്ന് അറിയിക്കണം. അതിന് കഴിയില്ലെങ്കില്‍ നോട്ടീസ് പിന്‍വലിക്കണം. അവര്‍ അങ്ങനെ ചെയ്യണമെന്നില്ല. അതുകൊണ്ട് ഹൈക്കോടതിയില്‍ പോയിരിക്കുകയാണ്’, തോമസ് ഐസക് പറഞ്ഞു.
ഇന്ന് രാവിലെ പതിനൊന്നിന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനായിരുന്നു തോമസ് ഐസകിന് ലഭിച്ച നോട്ടീസ്. ഇത് രണ്ടാം തവണയാണ് ഇഡി തോമസ് ഐസകിനോട് ഹാജരാകാന്‍ ആവശ്യപ്പെടുന്നത്. ഇഡി സമര്‍സുകള്‍ക്കെതിരെയുള്ള തോമസ് ഐസകിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.