‘നടി കരഞ്ഞുകൊണ്ട് ഇറങ്ങിവരുന്നത് കണ്ട് സെറ്റിലുണ്ടായിരുന്നവർ ആശ്വസിപ്പിച്ചു’; പരാതിക്കാരി ട്രോമയിലായിരുന്നുവെന്ന് കമ്മീഷണർ

കൊച്ചി: യുവനടിയുടെ പീഡനപരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് കഴിഞ്ഞ രണ്ട് ദിവസമായി നിരീക്ഷണത്തിലായിരുന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ് കാളിരാജ് മഹേഷ് കുമാർ. ഇവിടെ നിന്ന് മാറാൻ ശ്രമിക്കുമ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമ്മീഷണർ.

ഷൂട്ടിംഗ് സെറ്റിൽ നടന്ന അതിക്രമത്തെക്കുറിച്ച് അവിടെയുണ്ടായിരുന്നവർക്ക് അറിവുണ്ട്. സംഭവം നടന്നയുടൻ പരാതിക്കാരി കരഞ്ഞുകൊണ്ട് പുറത്തുവന്ന് അവിടെയുണ്ടായിരുന്നവരോട് കാര്യം പറ‌ഞ്ഞിരുന്നു. അവർ നടിയെ ആശ്വസിപ്പിച്ച് പറഞ്ഞയക്കുകയായിരുന്നു. കഴിഞ്ഞ ആഴ്‌ച കുടുംബവുമായെത്തിയാണ് നടി പരാതി നൽകിയത്. പരാതിക്കാരി ട്രോമയിലായിരുന്നു. സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തയായിരുന്നില്ല.

ആവശ്യമായ സൈക്കാട്രിക് ചികിത്സ നൽകി.നടിയുമായി സംസാരിച്ച ശേഷം ഉടൻതന്നെ വനിതാ ഉദ്യോഹസ്ഥയുടെ നേതൃത്വത്തിൽ പ്രത്യേക അന്വഷണ സംഘത്തെ നിയോഗിച്ചു. മൊഴി രേഖപ്പെടുത്തി പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങിയത്. ഇരയുടെ സ്വകാര്യത വെളിപ്പെടുത്താതെ അന്വേഷണം നടത്തുക എന്നതായിരുന്നു വെല്ലുവിളി. തൊഴിലിടങ്ങളിൽ ഒരു സ്‌ത്രീക്കും ഇങ്ങനെ സംഭവിക്കരുത്.

തന്നേക്കാൾ ഉയർന്ന സ്ഥാനത്തുള്ള ആൾക്കെതിരെയാണ് പരാതിയെന്നതും ഇത്തരം മുൻ അനുഭവമില്ലാത്തതും പരാതിക്കാരിക്ക് മുന്നിലെ വെല്ലുവിളിയായിരുന്നു’- കാളിരാജ് മഹേഷ് കുമാർ പറഞ്ഞു.പരാതി നൽകാതിരിക്കാൻ രഞ്ജിത്ത് നടിയെ സ്വാധീനിക്കാൻ ശ്രമിച്ചോയെന്ന് അന്വേഷിക്കേണ്ടതുണ്ടെന്ന് കൊച്ചി ഡിസിപി അശ്വതി ജി ജി പറഞ്ഞു. പരാതിക്കാരിയുടെ മൊഴിയിൽ പറഞ്ഞ സാക്ഷികളുടെ മൊഴിയെടുക്കുമെന്നും അവർ വ്യക്തമാക്കി.