തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം വിറ്റെന്ന ആരോപണം; തര്‍ക്കത്തില്‍ തല പുകഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണപക്ഷത്തെ ഞെട്ടിച്ചുകൊണ്ടാണ് യു ഡി എഫ് സംസ്ഥാനത്തെ കോര്‍പ്പറേഷനുകളില്‍ വന്‍ മുന്നേറ്റം നടത്തിയത്. കഴിഞ്ഞ തവണ ഒരു കോര്‍പ്പറേഷനില്‍ മാത്രം ഭരണം നേടാനായ യു ഡി എഫിന് ഇത്തവണ നാല് കോര്‍പ്പറേഷനുകളിലാണ് ഭരണം ലഭിച്ചത്. കോഴിക്കോട് മാത്രമായി ഇടതുമുന്നണിയുടെ കോര്‍പ്പറേഷന്‍ ഭരണം ഒതുങ്ങി. തലസ്ഥാനത്ത് ബി ജെ പി ഭരണം പിടിച്ചതും ഇടത് കോട്ടയില്‍ വിള്ളലുണ്ടാക്കി. എന്നാല്‍ യു ഡി എഫിന് അധികാരം ലഭിച്ച തൃശ്ശൂര്‍, കൊച്ചി കോര്‍പ്പറേഷനുകളിലെ മേയര്‍ സ്ഥാനത്തെ ചൊല്ലി ഉടലെടുത്ത തര്‍ക്കം ഉജ്വലവിജയത്തിന്റെ ശോഭകെടുത്തുന്നതായിരുന്നുവെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം. മേയര്‍ സ്ഥാനത്തെ ചൊല്ലിയുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളും നാല് മാസങ്ങള്‍ക്കിടയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.

കൊച്ചി കോര്‍പ്പറേഷനില്‍ കഴിഞ്ഞ തവണ യു ഡി എഫ് വിമതന്മാരാല്‍ യു ഡി എഫിന് ഭരണം നഷ്ടപ്പെട്ടതാണ്. ഇത്തവണ ഭരണം തിരിച്ചു പിടിക്കാനുള്ള വ്യക്തമായ നീക്കമാണ് ഡി സി സി നേതൃത്വം നടത്തിയിരുന്നത്. വ്യക്തമായ ആസൂത്രണത്തിലൂടെയും പ്രചാരണത്തിലൂടെയും കോര്‍പ്പറേഷനില്‍ വ്യക്തമായ വിജയം നേടാന്‍ കഴിഞ്ഞു. എന്നാല്‍ മേയര്‍ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുന്‍പുതന്നെ ഓരോ ഗ്രൂപ്പുകാരും സ്വന്തം നിലയില്‍ മേയറെ പ്രഖ്യാപിച്ചു, സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ആരംഭിച്ചു. മാധ്യമങ്ങളില്‍ മേയര്‍ സ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെടുന്നവരുടെ പേരുവിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ ചിലര്‍ വലിയ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തി. എന്നാല്‍ പാര്‍ട്ടി നേതൃത്വം മേയര്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ പ്രതിഷേധം കടുത്തു. സ്ഥാനം ലഭിക്കാത്തവര്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. പരാതി പരിഭവം, മാധ്യമങ്ങള്‍ക്കു മുന്നില്‍ ആരോപണം ഉന്നയിക്കല്‍ എന്നിവ അരങ്ങേറുകയാണ്.

കൊച്ചി കോര്‍പ്പറേഷനില്‍ കെ പി സി സി ജന.സെക്രട്ടറിയായ ദീപ്തി മേരിവര്‍ഗീസാണ് പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത്. വി കെ മിനിമോളെ ആദ്യപകുതിയില്‍ മേയറായി പരിഗണിക്കാന്‍ തീരുമാനിച്ചെന്ന വിവരം പുറത്തുവന്നപ്പോള്‍ തന്നെ ദീപ്തി പ്രതിഷേധവുമായി രംഗത്തെത്തി. ഇതിന് തൊട്ടുപിന്നാലെ തൃശ്ശൂരിലും കലാപത്തിന് തിരികൊളുത്തി. ദീപ്തി പ്രതിഷേധം കടുപ്പിച്ചു, കെ പി സി സി നേതൃത്വത്തിന് പരാതി നല്‍കി. ദീപ്തിയെ തഴഞ്ഞതിന് പിന്നില്‍ സാമുദായിക സമ്മര്‍ദ്ധമാണെന്നായിരുന്നു ആരോപണം. പിന്നീട് വി ഡി സതീശന്റെ എതിര്‍പ്പാണ് ദീപ്തിയെ ഒഴിവാക്കിയതെന്നായി ആരോപണം.

മേയര്‍ തിരഞ്ഞെടുപ്പു ദിവസം ദീപ്തി പാര്‍ട്ടിക്ക് വഴങ്ങി. വോട്ടെടുപ്പു ദിനത്തില്‍ പ്രതിഷേധം നിലനിര്‍ത്തി മാധ്യമങ്ങളോട് പക്വതയുള്ള രാഷ്ട്രീയ പ്രവര്‍ത്തകയായി പ്രതികരിച്ചു. എന്നാല്‍ തൃശ്ശൂരില്‍ വലിയ കോലാഹലമാണ് അരങ്ങേറിയത്. മേയര്‍ സ്ഥാനം ലഭിക്കില്ലെന്ന് വ്യക്തമായതോടെ കടുത്ത പ്രതിഷേധവും ഗുരുതരമായ ആരോപണവുമായാണ് ലാലി രംഗത്തെത്തിയത്.