തൃശൂര്‍ പൊലീസ് അക്കാദമി ക്യാംപസിനുള്ളിലെ ലക്ഷങ്ങള്‍ വില വരുന്ന മരങ്ങള്‍ മോഷ്ടിച്ചതായി പരാതി

തൃശൂര്‍: തൃശൂര്‍ പൊലീസ് അക്കാദമി ക്യാംപസിനുള്ളിലെ ലക്ഷങ്ങള്‍ വില വരുന്ന മരങ്ങള്‍ മോഷ്ടിച്ചതായി പരാതി. 30 വര്‍ഷത്തിലേറെ പഴക്കമുള്ള രണ്ട് ചന്ദന മരങ്ങളുടെ കാതലുള്ള ഭാഗങ്ങളാണ് മുറിച്ചു കടത്തിയത്. ഡിസംബര്‍ 27 നാണ് അക്കാദമിയില്‍ മോഷണം നടന്നതെന്ന് അക്കാദമി എസ്റ്റേറ്റ് ഓഫീസര്‍ പരാതിയില്‍ പറയുന്നു. പരാതിയില്‍ വിയ്യൂര്‍ പൊലീസ് കേസെടുത്തു.

അതീവസുരക്ഷയുള്ള അക്കാദമിയില്‍ മുമ്പും സമാന മോഷണങ്ങര്‍ നടന്നിട്ടുണ്ട്. 2009ല്‍ പൊലീസ് അക്കാദമിയില്‍ നിന്ന് ഉഗ്രപ്രഹര ശേഷിയുള്ള 9 എംഎം വിഭാഗത്തില്‍പ്പെടുന്ന പിസ്റ്റള്‍ മോഷണം പോയിരുന്നു. എന്നാല്‍ മോഷ്ടാക്കളെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. ക്രൈംബ്രാഞ്ച് അടക്കം അന്വേഷണം നടത്തിയെങ്കിലും തെളിവുകളൊന്നും കണ്ടെത്തിയില്ല. പൊലീസ് അക്കാദമിയിലെ തോക്കുകള്‍ കൈകാര്യം ചെയ്യുന്നതിന് ചുമതലയുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അക്കാദമിയില്‍ നിന്ന് ഉന്നത ഉദ്യോഗസ്ഥന്‍ തേക്ക് മുറിച്ചു കടത്തിയതും മുമ്പ് വിവാദമായിരുന്നു. മോഷണത്തിന് പിന്നാലെ കര്‍ശന ജാഗ്രത വേണമെന്ന് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. രാജ വൃക്ഷങ്ങള്‍ ഏറെയുള്ള അക്കാദമിയില്‍ കനത്ത കാവല്‍ വേണമെന്നും രാത്രികാലങ്ങളില്‍ പ്രത്യേക പെട്രോളിങ് ഏര്‍പ്പെടുത്തണമെന്നും പ്രത്യേക സര്‍ക്കുലറില്‍ പറയുന്നു.