വ്യാജ ഉല്‍പ്പന്നങ്ങളുടെ വിപണനം തടയാന്‍ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി; ആമസോണിനും ഫ്‌ലിപ്കാര്‍ട്ടിനും മീഷോയ്ക്കും തിരിച്ചടി

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ വ്യാജ ഉല്‍പ്പന്നങ്ങളുടെ വിപണനം തടയാന്‍ നിര്‍ണായക ഉത്തരവുമായി ഡല്‍ഹി ഹൈക്കോടതി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പരാതിയില്‍ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, മീഷോ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളോട് റിലയന്‍സ്, ജിയോ ട്രേഡ്മാര്‍ക്കുകള്‍ ദുരുപയോഗം ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്യാന്‍ ജസ്റ്റിസ് സൗരഭ് ബാനര്‍ജി ഉത്തരവിട്ടു. ഉപഭോക്താക്കളുടെ സുരക്ഷയും ബ്രാന്‍ഡുകളുടെ വിശ്വാസ്യതയും ഉറപ്പാക്കുന്നതില്‍ ഈ വിധി ഒരു പുതിയ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തല്‍.

തങ്ങളുടെ ട്രേഡ്മാര്‍ക്കുകള്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഹൈക്കോടതിയെ സമീപിച്ചത്. റിലയന്‍സ്, ജിയോ ബ്രാന്‍ഡ് നാമങ്ങളും ലോഗോകളും ഉപയോഗിച്ച് വ്യാജ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും പരസ്യം ചെയ്യുകയും ചെയ്യുന്നത് തങ്ങളുടെ ട്രേഡ്മാര്‍ക്ക് ലംഘനമാണെന്ന് കമ്പനി വാദിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളോട് സാമ്യമുള്ള ബ്രാന്‍ഡിംഗും കമ്പനിയുടെ കലാപരമായ സൃഷ്ടികളും ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ഉല്‍പ്പന്നങ്ങളുടെ വിശ്വാസ്യത അളക്കുന്നതില്‍ ബ്രാന്‍ഡ് നാമങ്ങള്‍ക്കും ലോഗോകള്‍ക്കും നിര്‍ണായക സ്ഥാനമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. യഥാര്‍ത്ഥ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളില്‍ വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും അവരുടെ സുരക്ഷയ്ക്ക് പോലും ഭീഷണിയാകുമെന്നും കോടതി ഊന്നിപ്പറഞ്ഞു.

നിരവധി കമ്പനികള്‍ റിലയന്‍സ് ട്രേഡ്മാര്‍ക്കുകള്‍ ഉപയോഗിച്ച് എഫ്എംസിജി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് കോടതിയെ അറിയിച്ചിരുന്നു. ഫ്രഷ് ഫ്രൂട്ട്സ്, പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍, ദൈനംദിന ഗ്രോസറികള്‍ എന്നിവയുള്‍പ്പെടെയുള്ള എഫ്എംസിജി ബിസിനസില്‍ റിലയന്‍സ് സജീവമാണ്. അനുമതിയില്ലാതെ റിലയന്‍സ് ട്രേഡ്മാര്‍ക്കുകള്‍ ഉപയോഗിക്കുന്നത് വ്യാപാര സമൂഹത്തിലും പൊതുസമൂഹത്തിലും തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടി.