യുവജനങ്ങള്‍ക്ക് പുതിയ ചിന്താബോധം നല്‍കാനും പല പദ്ധതികളും വിജയിപ്പിക്കാനും

സംസ്ഥാന യുവജന കമ്മിഷന്റെ അദ്ധ്യക്ഷ എന്ന നിലയില്‍ കാലാവധി പൂര്‍ത്തിയാവുകയാണ്. 2012 ല്‍ സ്ഥാപിതമായെങ്കിലും കമ്മിഷന്റെ വളര്‍ച്ചയുടെ സമഗ്രമായ ഒരു ഘട്ടം ആരംഭിച്ചത് 2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ സ്ഥാനമേറ്റതോടെയാണ്. കമ്മിഷന് പുതിയ ദിശാബോധം നല്‍കാനും സുവ്യക്തമായ ഒരു നയപരിപാടി ആസൂത്രണം ചെയ്ത് നടപ്പിലാക്കാനും ഒന്നാം പിണറായി സര്‍ക്കാരിന്റെ ഘട്ടത്തില്‍ സാധിച്ചു. അത് ഇന്നും തുടരുന്നു. സ്ഥാപിതലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ തന്നെ പുതിയ കാലത്തിന്റെ നിലപാടുകളുമായി സംവദിക്കാന്‍ ഉതകുംവിധത്തില്‍ യുവജന കമ്മിഷനെ നവീകരിക്കാന്‍ കഴിഞ്ഞു.

യുവജനങ്ങളുടെ അവകാശ സംരക്ഷണത്തിനായി വിഭാവനം ചെയ്തിരിക്കുന്ന ഒരു അര്‍ദ്ധ ജുഡീഷ്യല്‍ ബോഡിയാണ് യുവജന കമ്മിഷന്‍. എന്നാല്‍ ഇതിനോടൊപ്പം തന്നെ കേരളത്തിലെ യുവതയുടെ സര്‍വോന്മുഖമായ ശാക്തീകരണത്തിന് വേഗം കൂട്ടുന്ന ശക്തിയായി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യം കൂടി കമ്മിഷനുണ്ട്. ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ നിരവധി പദ്ധതികള്‍ ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ കമ്മിഷന് കഴിഞ്ഞു. ഇവയില്‍ ഭാവി കേരളത്തെ പാരിസ്ഥിതികപക്ഷത്ത് ഉറപ്പിച്ചു നിറുത്താന്‍ നടപ്പിലാക്കിയ പദ്ധതികളെപ്പറ്റി മാത്രമാണ് ഇവിടെ പ്രതിപാദിക്കുന്നത്. കേരളത്തിന്റെ യുവതയെ കാര്‍ഷിക സംസ്‌കാരത്തിന്റെ സാദ്ധ്യതകളിലേക്ക് നയിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി നിരവധി നവീന പദ്ധതികള്‍ കമ്മിഷന്‍ ആവിഷ്‌കരിച്ചു. കൃഷിയിലേക്ക് യുവജനങ്ങള്‍ കടന്നുവരേണ്ടതിന്റെ രാഷ്ട്രീയവും സാമ്പത്തികവും സാംസ്‌കാരികവും സാമൂഹികവുമായ പ്രസക്തി തിരിച്ചറിഞ്ഞ് കമ്മിഷന്‍ നടപ്പിലാക്കിയ ഗ്രീന്‍ സോണ്‍ പദ്ധതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാതൃകാപരമായി നടപ്പിലാക്കി.

യുവജനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സംസ്ഥാനത്തെ ഭക്ഷ്യ സ്വയംപര്യാപ്തത ഉറപ്പാക്കുക എന്നതായിരുന്നു ഗ്രീന്‍ സോണ്‍പദ്ധതിയുടെ ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കൈകോര്‍ത്ത് തരിശുനിലങ്ങള്‍ ഏറ്റെടുത്തും, വിത്തും വളവും ഉള്‍പ്പടെ കാര്‍ഷിക ഉപാധികളുടെ ലഭ്യത ഉറപ്പാക്കിയും പദ്ധതിയുടെ അടിത്തറ കൂടുതല്‍ ജനകീയമാക്കി. പച്ചക്കറികളും,നെല്ലും ഉള്‍പ്പെടെ യുവാക്കള്‍ ഏക്കറു കണക്കിന് ഭൂമിയില്‍ കൃഷിചെയ്ത് വിളവെടുത്തു. കൊവിഡ് കാലത്ത് അടക്കം യുവജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ഗ്രീന്‍ സോണ്‍ പദ്ധതിക്ക് ലഭിച്ചത്. യുവകര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും കാര്‍ഷിക മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന യുവജനങ്ങളുടെ അനുഭവങ്ങളും ആശങ്കകളും പരീക്ഷണഫലങ്ങളും തമ്മില്‍ പങ്കുവയ്ക്കുന്നതിനുമായി എല്ലാ ജില്ലകളിലും കമ്മിഷന്റെ നേതൃത്വത്തില്‍ യുവ കര്‍ഷക കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. നിലവില്‍ കാര്‍ഷിക മേഖലയില്‍ പ്രതിഭ തെളിയിച്ച യുവകര്‍ഷകര്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ പങ്കുവയ്ക്കാനുള്ള വേദിയായി ഇവ മാറി. പുതിയ കര്‍ഷകരെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കാനും പദ്ധതിയിലൂടെ കഴിഞ്ഞു. എല്ലാ വര്‍ഷവും ഏറ്റവും പ്രചോദനമായ യുവകര്‍ഷകന് പുരസ്‌കാരം നല്‍കി ആദരിച്ചും കമ്മിഷന്‍ ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ പ്രചോദനം ഒരുക്കി

 

Leave a Reply

Your email address will not be published. Required fields are marked *