പുതുപ്പള്ളിയില്‍ പരസ്യ പ്രചാരണത്തിന്റെ അവസാന ആഴ്ചയിലേക്ക്

പുതുപ്പള്ളിയില്‍ പരസ്യ പ്രചാരണത്തിന്റെ അവസാന ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ഇരുമുന്നണികളും പ്രചാരണ അജണ്ടകള്‍ ഉറപ്പിക്കുകയാണ്. സമൃതി യാത്രകളിലൂടെ ഉമ്മന്‍ചാണ്ടി ഓര്‍മ്മകള്‍ പുതുപ്പള്ളിയില്‍ യുഡിഎഫ് സജീവമാക്കുന്നു. വികസന വിഷയങ്ങളില്‍ തന്നെയാകും തുടര്‍ന്നും ചര്‍ച്ചകളെന്ന് എല്‍ഡി എഫും വ്യക്തമാക്കുന്നു. വ്യക്തി അധിക്ഷേപങ്ങള്‍ പാടില്ലെന്ന് ഇരുമുന്നണികളും പറയുമ്പോഴും സൈബര്‍ സംഘങ്ങള്‍ പിന്‍മാറുന്നില്ല.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇനി ബാക്കിയുള്ളത് ഒരാഴ്ച. എതിരാളിയുടെ അവസാന അടവുകളിലെന്തൊക്കെയെന്നതാണ് മത്സര രംഗത്തുള്ളവരുടെ ആകാംക്ഷ. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിലെ സഹതാപ വികാരം ഉച്ചസ്ഥായിയില്‍ നില്‍ക്കെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ചാണ്ടി ഉമ്മനെ രംഗത്തിറക്കി അനുകൂല വികാരം ഉറപ്പിക്കുന്നതില്‍ യുഡിഎഫ് ആദ്യ ലാപ്പില്‍ വിജയിക്കുകയും ചെയ്തു.

എന്നാല്‍ രണ്ടാം ലാപ്പില്‍ മണ്ഡലത്തില്‍ പരിചിത മുഖമായ ജയ്ക്കിന്റെ രംഗപ്രവേശവും വികസന വിഷയങ്ങളിലേക്ക് മാറിയ ചര്‍ച്ചകളും എല്‍ഡിഎഫ് ക്യാമ്പിനും ഊര്‍ജ്ജമായി. വികസന വിഷയത്തില്‍ എല്‍ഡിഎഫിന്റെ വഴിയെ യുഡിഎഫ് ഒരുവേള ചുവടുമാറിയെങ്കിലും ഉമ്മന്‍ചാണ്ടിയുടെ നാല്‍പതാം ചരമദിനത്തിലെ സ്മൃതി യാത്രയിലൂടെ മടങ്ങിവന്നിരിക്കുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *