മഴക്കെടുതിയിൽ ട്രെയിൻ ഗതാഗതം വീണ്ടും പ്രതിസന്ധിയിൽ

തിരുവനന്തപുരം: മഴക്കെടുതിയിൽ ട്രെയിൻ ഗതാഗതം വീണ്ടും പ്രതിസന്ധിയിൽ. ശക്തമായ കാറ്റിൽ റെയിൽവേ ട്രാക്കില്‍ മരം വീണതിനെത്തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതം താറുമാറായത്. സംസ്ഥാനത്ത് വിവിധ ട്രെയിനുകൾ വൈകി ഓടുകയാണ്.

മൈസൂർ – തിരുവനന്തപുരം എക്സ്പ്രസ് ഒന്നേകാൽ മണിക്കൂർ വൈകി. കചെഗുഡ – മുരുഡേശ്വർ എക്സ്പ്രസ് 50 മിനിറ്റ് വൈകി. 06555 നമ്പർ ബംഗളൂരു -തിരുവനന്തപുരം സ്‌പെഷ്യൽ ട്രെയിൻ ഒന്നര മണിക്കൂർ വൈകി. ഗോരഖ്പൂർ തിരുവനന്തപുരം രപ്തിസാഗർ എക്സ്പ്രസ് നാലര മണിക്കൂർ വൈകി. ഗുരുവായൂർ ചെന്നൈ എക്സ്പ്രസ് ഒരു മണിക്കൂർ വൈകി.അതേസമയം, സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കനത്ത മഴയ്‌ക്ക് സാദ്ധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ഇന്ന് ഒമ്പത് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും എന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലെ അത്ര ശക്തമായ മഴയ്ക്ക് ഇനി സാദ്ധ്യതയില്ല. ഈ സീസണിലെ ആദ്യ തീവ്രമഴ ദിവസങ്ങൾ അവസാനിക്കുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. കേരളാ തീരത്ത് ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാദ്ധ്യത തുടരുകയാണ്. മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *