ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറുമായി ഗതാഗത കമ്മിഷണർ എസ് ശ്രീജിത്തിനുള്ള ഭിന്നത മറനീക്കി പുറത്ത്

തിരുവനന്തപുരം: ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറുമായി ഗതാഗത കമ്മിഷണർ എസ് ശ്രീജിത്തിനുള്ള ഭിന്നത മറനീക്കി പുറത്ത്. അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ പുറത്തുപോയതിന് പിന്നാലെയാണ് ഗതാഗത കമ്മിഷണറുമായുള്ള ഭിന്നതയുടെ വാർത്തകൾ പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസം നടന്ന ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ യോഗത്തിൽ ഗതാഗത കമ്മിഷണറെ മന്ത്രി പരസ്യമായി ശാസിക്കുകയുണ്ടായി. കൂടാതെ ഗതാഗത കമ്മിഷണർക്ക് മറുപടി പറയാനോ വിശദീകരണം നൽകാനോ അവസരം നൽകിയതുമില്ല.
പിന്നീട് മന്ത്രിയുടെ ചേംബറിലെത്തി ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ മന്ത്രി ശകാരിക്കാൻ ശ്രമിച്ചപ്പോൾ അതേ ഭാഷയിൽ ഗതാഗത കമ്മിഷണർ തിരിച്ചു പ്രതികരിച്ചെന്നാണ് വിവരം. അഞ്ച് മിനിറ്റോളം ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നാലെ മന്ത്രിയുടെ മേശപ്പുറത്ത് ശക്തമായി അടിക്കുന്ന സാഹചര്യം വരെയുണ്ടായി.
പിന്നീട് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് ശ്രീജിത്തിനെ അനുനയിപ്പിച്ച് പുറത്തേക്ക് കൊണ്ടുപോയത്.ഗതാഗത മന്ത്രി കെബി ഗണേഷ്കുമാറുമായി അഭിപ്രായ ഭിന്നത തുടരുന്നതിനിടെ കെഎസ്ആർടിസി എംഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ബിജു പ്രഭാകർ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്തുനൽകിയിരുന്നു. ഗതാഗത സെക്രട്ടറി സ്ഥാനം അദ്ദേഹം ഒഴിയുമെന്നും സൂചനയുണ്ടായിരുന്നു.
ചില വിഷയങ്ങളിൽ ഗണേഷ് കുമാർ പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയപ്പോൾ അത് മാനേജ്മെന്റിന്റെ പിടിപ്പുകേടായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ തന്നെയും മാറ്റണം എന്ന നിലപാടാണ് ബിജു പ്രഭാകറിന് ആദ്യം മുതൽ ഉണ്ടായിരുന്നത്.
ഇലക്ട്രിക് ബസുമായി ബന്ധപ്പെട്ട വിഷയത്തിലും ഗണേഷ് കുമാർ സ്വീകരിച്ച നിലപാട് ഭിന്നത രൂക്ഷമാക്കിയിരുന്നു. വിദേശ സന്ദർശനത്തിലായിരുന്ന ബിജു പ്രഭാകർ മടങ്ങിയെത്തിയതിനു പിന്നാലെയാണ് എംഡി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തു നൽകിയത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമ തീരുമാനം കൈക്കൊള്ളും.