പി വി അൻവർ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് തൃണമൂൽ നേതൃത്വം

മലപ്പുറം: പി വി അൻവർ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് തൃണമൂൽ നേതൃത്വം. അൻവർ ഉന്നയിച്ച ആവശ്യങ്ങളിൽ രണ്ട് ദിവസത്തിനകം യുഡിഎഫ് തീരുമാനം അറിയിച്ചില്ലെങ്കിൽ അൻവർ മത്സരിക്കുമെന്നാണ് തൃണമൂൽ വ്യക്തമാക്കിയത്. തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിന്റെ ഭാഗമാക്കണമെന്നഭ്യർത്ഥിച്ച് കത്ത് നൽകിയിട്ട് അഞ്ചുമാസത്തിലേറെയായി. എന്നാൽ യുഡിഎഫ് ഇക്കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിനെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഷൗക്കത്തിനെ അംഗീകരിക്കില്ലെന്നാണ് അൻവറിന്റെ നിലപാട്. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയാക്കാൻ ശ്രമിച്ച ആര്യാടൻ ഷൗക്കത്തിനെ നിലമ്പൂരിലെ ജനങ്ങൾക്ക് താൽപര്യമില്ലെന്നാണ് അൻവർ പറയുന്നത്. യുഡിഎഫ് നിർദ്ദേശിക്കുന്ന ഏത് സ്ഥാനാർത്ഥിയേയും പിന്തുണയ്ക്കുമെന്ന് പറഞ്ഞതിന്റെ അർത്ഥം ആർക്കും മത്സരിക്കാമെന്നല്ല. ജയിക്കാൻ ശേഷിയുള്ള,​ ജനങ്ങളുമായി ബന്ധമുള്ള സ്ഥാനാർത്ഥിയെയാണ് മത്സരിപ്പിക്കേണ്ടത്. ഷൗക്കത്തിന്റെ സ്ഥാനാർത്ഥിത്വം നിലമ്പൂരിലെ ജനങ്ങൾ ഏത് തരത്തിലാണ് സ്വീകരിക്കുന്നതെന്ന് രണ്ടു ദിവസം പഠിക്കും.

ഇതിനു ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നാണ് അൻവർ വ്യക്തമാക്കിയത്.നഷ്ടപ്പെട്ട നിലമ്പൂർ സീറ്റ് തിരിച്ചുപിടിക്കുകയെന്ന വലിയ ലക്ഷ്യമാണ് ആര്യാടൻ ഷൗക്കത്തിന് മുന്നിലുള്ളത്. പിതാവ് ആര്യാടൻ മുഹമ്മദ് മൂന്നരപ്പതിറ്റാണ്ടുകാലം നിലമ്പൂരിലുണ്ടാക്കിയ സ്വാധീനം അരക്കിട്ടുറപ്പിക്കുകയെന്ന വെല്ലുവിളിയും മുന്നിലുണ്ട്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച പി വി അൻവറിനോട് കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ആര്യാടൻ പരാജയപ്പെട്ടിരുന്നു. 2021ലെ തിരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ വി വി പ്രകാശിനെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന അൻവർ തോൽപ്പിച്ചു. 2024ലാണ് അൻവർ എംഎൽഎ സ്ഥാനം രാജിവച്ചത്. നിലമ്പൂരിൽ ഇപ്പോഴും അൻവറിന് വ്യക്തമായ സ്വാധീനമുണ്ടെന്നാണ് അനുയായികളുടെ വാദം. എന്നാൽ ഇത്തവണ നിലമ്പൂർ തിരിച്ചുപിടിക്കുകയാണെങ്കിൽ മണ്ഡലം ഷൗക്കത്തിന്റെ കൈപ്പിടിയിലെത്തും. ഇതോടെ അൻവറിന് നിലമ്പൂർ എന്നന്നേക്കുമായി നഷ്ടമാവുകയും ചെയ്യും. ഇത് പി വി അൻവറിന്റെ രാഷ്ട്രീയ ഭാവിയും അവസാനിപ്പിച്ചേക്കാം.

തന്റെ നോമിനിയായി വി എസ് ജോയിയെ നിലമ്പൂരിൽ മത്സരിപ്പിച്ചാൽ പിന്നിൽ നിന്ന് കരുക്കൾ നീക്കാൻ അൻവറിനാകും. ഒരുവർഷത്തിനുള്ളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജോയിക്ക് മറ്റേതെങ്കിലും മണ്ഡലം നൽകി നിലമ്പൂർ വീണ്ടും തനിക്ക് സ്വന്തമാക്കാമെന്ന് അൻവർ കണക്കൂകൂട്ടിയിരുന്നു. ഇത് മുന്നിൽകണ്ടാണ് ഷൗക്കത്തിനെ അൻവർ എതിർക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.ഡിസിസി പ്രസിഡന്റ് വി എസ് ജോയിക്കുവേണ്ടിയുള്ള അൻവറിന്റെ വിലപേശലും യുഡിഎഫ് മുഖവിലയ്ക്കെടുത്തില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പിന്തുണ ജോയിക്കുണ്ടായിരുന്നു. എന്നാൽ അടുത്തിടെ കെപിസിസി നേതൃതലത്തിലുണ്ടായ മാറ്റമാണ് ജോയിക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ. മികച്ച ഡിസിസി അദ്ധ്യക്ഷനായ ജോയി തിരഞ്ഞെടുപ്പ് ഏകോപനം നടത്തട്ടെയെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *