ട്രംപിന് എട്ടിന്റെ പണി ; തീരുവ നടപടികൾ നിയമവിരുദ്ധം, ‌ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് പിഴച്ചുങ്കം ചുമത്തിയ നടപടി തെറ്റ്

ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് മേൽ പിഴച്ചുങ്കമടക്കം വൻ തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‍റെ നീക്കങ്ങള്‍ക്ക് തിരിച്ചടി. യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ച മിക്ക താരിഫുകളും നിയമവിരുദ്ധമാണെന്ന് യുഎസ് അപ്പീല്‍ കോടതിയുടെ വിധി. അടിയന്തിര സാമ്പത്തിക നിയമം ഉപയോഗിച്ച് ഏകപക്ഷീയമായി തീരുവകൾ പ്രഖ്യാപിച്ച് പ്രസിഡന്‍റ് അധികാര ദുർവിനിയോഗം നടത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി.

തീരുവകൾ പ്രഖ്യാപിക്കാനുള്ള അധികാരം ഭരണഘടന അനുസരിച്ച് നിയമനിർമാണ സഭക്ക് മാത്രമാണ്. കേസുകൾ തീരുന്നത് വരെ നിലവിലെ തീരുവകൾ തുടരാമെന്ന് കോടതി വ്യക്തമാക്കി. അടിയന്തര സാമ്പത്തിക അധികാര നിയമപ്രകാരം താരിഫുകള്‍ നടപ്പാക്കുമെന്ന ട്രംപിന്റെ തീരുമാനം യുഎസ് ഫെഡറല്‍ അപ്പീൽ കോടതി 7 -4 ഭൂരിപക്ഷ വിധിയിലൂടെയാണ് തള്ളിയത്. നികുതി താരിഫ് സംബന്ധിച്ച തീരുമാനം പ്രസിഡന്റിന്റെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും ലെവികള്‍ നിശ്ചയിക്കുന്നതില്‍ യുഎസ് കോണ്‍ഗ്രസിനാണ് അധികാരമെന്നും ഫെഡറൽ കോടതി പറഞ്ഞു.

അതേസമയം കോടതി വിധിയെ വിമര്‍ശിച്ച് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. വിധി നിലനില്‍ക്കാന്‍ അനുവദിക്കില്ലെന്ന സൂചന നൽകിയ ട്രംപ് അമേരിക്കന്‍ ഐക്യനാടുകളെ ഉതകുന്ന തീരുമാനം എന്നാണ് ട്രംപ് കോടതി വിധിയെന്നാണ് വിമർശിച്ചത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് വിമർശനം. അതസമയം ഫെഡറൽ കോടതിയുടെ വിധിയെ ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾ പ്രതീക്ഷയോടെയാണ് കാണുന്നത്.