ഇറാനെതിരായ യുദ്ധം അമേരിക്കക്ക് എളുപ്പത്തിൽ ജയിക്കാം, പക്ഷേ യുദ്ധത്തേക്കാൾ സമാധാന കരാറാണ് ഇഷ്ടമെന്ന് ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധം അമേരിക്കയ്ക്ക് എളുപ്പത്തിൽ ജയിക്കാൻ കഴിയുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. എന്നാൽ, യുദ്ധത്തേക്കാൾ സമാധാന കരാറാണ് തനിക്ക് ഇഷ്ടമെന്നും യു എസ് പ്രസിഡണ്ട് പ്രതികരിച്ചു. അമേരിക്ക – ഇറാൻ ചർച്ചകൾ വ്യാഴാഴ്ച ജെനീവയിൽ നടക്കാനിരിക്കെ യുദ്ധത്തിനെതിരെ മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ രംഗത്തെത്തിയെന്ന വാർത്തകളും ഡോണൾഡ് ട്രംപ് നിഷേധിച്ചു. ജോയിന്‍റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ ഇറാനെ ആക്രമിക്കുന്നത് നീണ്ട യുദ്ധത്തിലേക്ക് വഴിവയ്ക്കുമെന്ന് ട്രംപിനെ ഉപദേശിച്ചതായി ചില അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തകൾ നൂറ് ശതമാനം വ്യാജമാണെന്നും യുദ്ധം വേണ്ടി വന്നാൽ അമേരിക്കൻ ജയം സുനിശ്ചിതമാണെന്നാണ് ജനറൽ കെയ്നിന്റെ അഭിപ്രായമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു.
പെന്‍റഗണിലെ മുതിർന്ന ഉദ്യോഗസ്ഥർ ഇറാനുമായി സംഘർഷത്തിലേക്ക് പോകരുതെന്ന് ട്രംപിനെ ഉപദേശിച്ചതായി വാൾ സ്ട്രീറ്റ് ജേണലടക്കം മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ട്രംപിനോട് എറ്റവും അടുപ്പമുള്ള സ്റ്റീവ് വിറ്റ്കോഫും, ജാറെഡ് കുഷ്നറും ഇറാൻ പ്രശ്നത്തിൽ സൈനിക നടപടിക്ക് മുമ്പ് നയതന്ത്ര ചർച്ചകൾക്ക് കൂടുതൽ സമയം നൽകണമെന്ന പക്ഷക്കാരാണെന്നാണ് ആക്സിയം അടക്കം മാധ്യമങ്ങളുടെ റിപ്പോർട്ട്. എന്നാൽ ഇതെല്ലാം ട്രംപ് തള്ളിക്കളഞ്ഞു. അന്തിമ തീരുമാനം തന്റേതാണെന്നും, ധാരണയാക്കാനാണ് തനിക്കും ഇഷ്ടമെങ്കിലും ഒത്തുതീർപ്പിന് ഇറാൻ തയ്യാറായില്ലെങ്കിൽ അവിടുത്തെ ജനതയ്ക്കടക്കം മോശം ദിനമാണ് കാത്തിക്കുന്നതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.