ട്രംപ്- പുടിൻ കൂടിക്കാഴ്ച്ച : ഇന്ത്യയ്ക്ക് പ്രതീക്ഷ, ഇന്ത്യയ്ക്കുള്ള അധിക തീരുവ ഒഴിവാക്കിയേക്കും, സൂചന നല്കി ട്രംപ്

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ അധിക തീരുവ ഒഴിവാക്കുമെന്ന് സൂചന നല്കി ട്രംപിന്റെ പ്രതികരണം.
കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഫോക്സ് ന്യൂസിന് നല്കിയ പ്രതികരണത്തിലാണ് താരിഫ് സംബന്ധിച്ച ട്രംപിന്റെ പ്രതികരണം. ‘റഷ്യന്‍ എണ്ണയുടെ 40 ശതമാനത്തിലധികം വരുന്ന പങ്കിന്റെ ഉപഭോക്താക്കള്‍ ഇന്ത്യയായിരുന്നു. ചൈനയും വലിയ തോതില്‍ എണ്ണ വാങ്ങുന്നുണ്ട്. ഞാന്‍ തീരുവ വര്‍ധിപ്പിക്കുന്നത് റഷ്യയ്ക്ക് വലിയ തിരിച്ചടിയായിരിക്കും. എനിക്കത് ചെയ്യേണ്ടി വന്നാല്‍ ചെയ്യും. ചിലപ്പോള്‍ എനിക്കത് ചെയ്യേണ്ടിവരില്ല’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാല്റഷ്യയില്നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചതായി ഇന്ത്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല
യുക്രൈന് യുദ്ധം തുടരുമ്പോള്‍, റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയ്ക്ക് മേല്‍ അധിക ഇറക്കുമതി തീരുവ ചുമത്താന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചത്. നേരത്തെ 25 ശതമാനം തീരുവയാണ് പ്രഖ്യാപിച്ചിരുന്നത്. ജൂലായ് 30 ന് പ്രഖ്യാപിച്ച 25 ശതമാനം തീരുവ ഓഗസ്റ്റ് 7 മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. അധിക തീരുവ 21 ദിവസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരും.
അതേസമയം, ലോകം ഉറ്റു നോക്കിയ ഉച്ചകോടിയില്‍ ഒരു ധാരണയിലും എത്താനായില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. റഷ്യ – യുക്രൈന് യുദ്ധത്തിന് വിരാമമിടുകയെന്ന ലക്ഷ്യത്തോടെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷമാണ് ട്രംപിന്റെ പ്രതികരണം. നേരത്തെ ചര്‍ച്ചകളില്‍ ധാരണയായെന്നായിരുന്നു പുടിന് അറിയിച്ചത്. യുക്രൈന് പ്രസിഡന്റ് വ്ളാഡിമിര്‍ സെലെന്‍സ്കിയെയും യൂറോപ്യന്‍ നേതാക്കളേയും വിളിച്ച്, ഉച്ചകോടിയിലെ ചര്‍ച്ചകളെക്കുറിച്ച് വിശദീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ട്രംപുമായുള്ള ചര്‍ച്ചകളില്‍ ധാരണയായെന്നാണ് പുടിന് ഇന്നലെ പ്രതികരിച്ചത്. സമാധാന ശ്രമങ്ങള്‍ അട്ടിമറിക്കാന്‍ യൂറോപ്യന്‍ നേതാക്കള്‍ ശ്രമിക്കരുതെന്നും പുടിന് മുന്നറിയിപ്പു നല്‍കിയിരുന്നു.