ഇറാനിൽ തകർന്നുവീണ യുദ്ധവിമാനത്തിൽ നിന്ന് കാണാതായ ഉദ്യോഗസ്ഥനെ നീണ്ടുനിന്ന തെരച്ചിലിനൊടുവിൽ കണ്ടെത്തിയെന്ന്; ട്രംപ്

വാഷിംഗ്ടൺ: ഇറാനിൽ തകർന്നുവീണ യുദ്ധവിമാനത്തിൽ നിന്ന് കാണാതായ ഉദ്യോഗസ്ഥനെ മണിക്കൂറുകൾ നീണ്ടുനിന്ന തെരച്ചിലിനൊടുവിൽ കണ്ടെത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തെക്കുപടിഞ്ഞാറൻ ഇറാനിൽ വെടിവച്ചിട്ട യുഎസിന്റെ എഫ് – 15 യുദ്ധവിമാനത്തിലെ പൈലറ്റിനായി ഇന്നലെ ഇറാൻ സെെന്യവും തെരച്ചിൽ നടത്തിയിരുന്നു.
പൈലറ്റ് ഇറാന്റെ പിടിയിലായാൽ യുഎസിന് അത് ദോഷം ചെയ്യുമെന്ന് മുൻകൂട്ടി കണ്ടാണ് പെെലറ്റിനായി വൻ തെരച്ചിൽ ട്രംപിന്റെ നിർദേശപ്രകാരം നടന്നത്. ലോകത്തെ ഏറ്റവും മാരകമായ ആയുധങ്ങൾ ഘടിപ്പിച്ച ഡസൻ കണക്കിന് വിമാനങ്ങളാണ് പെെലറ്റിനെ വീണ്ടെടുക്കാൻ അയച്ചതെന്ന് ട്രംപ് അവകാശപ്പെടുന്നു. തന്റെ ട്രൂത്ത് സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.’യുഎസ് ചരിത്രത്തിലെ ഏറ്റവും ധീരമായ തെരച്ചിൽ. അവസാനം അദ്ദേഹത്തെ ഞങ്ങൾ കണ്ടെത്തി.
ഇറാനിൽ കാണാതായ പെെലറ്റും കേണലുമായ അദ്ദേഹം ഇപ്പോൾ സുരക്ഷിതനാണ്. ഇത് അറിഞ്ഞതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഇറാനിലെ പർവതനിരകളിലായിരുന്നു ഈ ധീരനായ യോദ്ധാവ് മണിക്കൂറുകൾ കഴിഞ്ഞത്.എന്റെ നിർദേശപ്രകാരം ലോകത്തെ ഏറ്റവും മാരകമായ ആയുധങ്ങൾ ഘടിപ്പിച്ച ഡസൻ കണക്കിന് വിമാനങ്ങളാണ് സെെന്യം അദ്ദേഹത്തിനായി അയച്ചത്.
അദ്ദേഹത്തിന് പരിക്കേറ്റിട്ടുണ്ട്. സുഖം പ്രാപിക്കും. ഇന്നലെ മറ്റൊരു പെെലറ്റിനെയും ഇത്തരത്തിൽ യുഎസ് സെെന്യം രക്ഷപ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ ഒരു പോരാളിയെയും ഞാൻ ഉപേക്ഷിക്കില്ല. ഒരു അമേരിക്കൻ പോലും കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യാതെ ഇരിക്കാനുള്ള കാര്യങ്ങൾ ഞങ്ങൾ ചെയ്യുന്നുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച സെെന്യം നമ്മുടെതാണ്’- ട്രംപ് കുറിച്ചു.