ഡല്‍ഹി സ്ഫോടനത്തിന്റെ പിന്നില്‍ തുര്‍ക്കി ഹാന്‍ഡ്‌ലര്‍ ഉകാസ; ഉമര്‍ നബി നിരന്തരം ആശയവിനിമയം പങ്കുവെച്ചു

ഡല്‍ഹി സ്‌ഫോടനത്തില്‍ മുഖ്യപ്രതി ഡോ.ഉമര്‍ നബി പ്രവര്‍ത്തിച്ചത് ‘ഉകാസ’ എന്ന ഹാന്‍ഡിലിന്റെ നിര്‍ദ്ദേശം അനുസരിച്ച്. വൈറ്റ് കോളര്‍ ഭീകരസംഘത്തെ ജയ്ഷ മുഹമ്മദുമായി ബന്ധിപ്പിച്ചത് ഉകാസയാണെന്നാണ് വിവരം. തുര്‍ക്കിയിലെ ഹാന്‍ഡ്ലറാണ് ‘ഉകാസ’ എന്ന രഹസ്യ നാമത്തില്‍ അറിയപ്പെട്ടിരുന്നത്. അറബിയില്‍ ചിലന്തി എന്നര്‍ത്ഥം വരുന്ന ഉകാസ ഹാന്‍ഡ്ലറുടെ നീക്കങ്ങള്‍ തുര്‍ക്കിയിലെ അങ്കാറയില്‍ നിന്ന് ആയിരുന്നു എന്നു വിവരം.

ഉമര്‍ നബി ‘ഉകാസ’യുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. ഇയാളെ കാണാനാണ് ഡോ. ഉമര്‍ തുര്‍ക്കിയില്‍ പോയതെന്നും വിവരം. ഡല്‍ഹി സ്‌ഫോടനവുമായുള്ള വിവരങ്ങള്‍ ഉമര്‍ ഉകാസയുമായി പങ്കുവെച്ചിരുന്നതായും വിവരം. ഡിസംബര്‍ ആറിന് ഡല്‍ഹിയില്‍ ആറ് ഇടങ്ങളില്‍ ഒരേ സമയം ആക്രമണം നടത്താന്‍ ആയിരുന്നു ഡല്‍ഹി സ്‌ഫോടനക്കേസ് പ്രതികള്‍ പദ്ധതിയിട്ടിരുന്നെന്ന് വിവരം. കൊണാട്ട് പ്ലേസ്, മയൂര്‍ വിഹാര്‍, റെഡ് ഫോര്‍ട്ട് പാര്‍ക്കിംഗ് എന്നിവിടങ്ങള്‍ ആക്രമണ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നതായി സൂചന ലഭിച്ചു. ആക്രമണപദ്ധതിക്കായി വൈറ്റ് കോളര്‍ സംഘം 30 ലക്ഷം രൂപ സമാഹരിച്ചെന്നും കണ്ടെത്തി.

അതേസമയം ഡല്‍ഹി സ്‌ഫോടനത്തില്‍ ഫരിദാബാദില്‍ എക്കോ സ്പോര്‍ട് വാഹനം ഉപേക്ഷിച്ച ആളെ പിടികൂടി. ഫഹീം എന്നയാളാണ് പിടിയിലായത്. മുഖ്യപ്രതി ഡോ ഉമര്‍ നബിയുടെ ബന്ധുവാണ് ഫഹീം. ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടറെ കൂടി കസ്റ്റഡിയിലെടുത്തു. ജമ്മു കാശ്മീരിലെ കാര്‍ഡിയോളജി വിദ്യാര്‍ത്ഥിയായ ഡോക്ടര്‍ മുഹമ്മദ് ആരിഫിനെ ആണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ ഡോക്ടറായ ഡോ. ഷഹീന്‍ ഷാഹിദുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നതായി കണ്ടെത്തി. പ്രതികള്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട മൂന്നാമത്തെ കാറിനായി അന്വേഷണ സംഘം തെരച്ചില്‍ നടത്തുന്നു. മാരുതി ബ്രെസ്സയാണ് മൂന്നാമത്തെ കാര്‍ എന്ന് സൂചന.