തിരുവനന്തപുരം: തിരുവനന്തപുരം വെള്ളായണി കാക്കാമൂലയിലെ നഴ്സറി സ്കൂളിൽനിന്ന് രണ്ടര വയസുകാരൻ തനിച്ച് വീട്ടിലെത്തിയതിൻറെ ദൃശ്യങ്ങൾ കുട്ടി വിജനമായ റോഡിലൂടെ ഒറ്റയ്ക്ക് നടന്നു പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
തിങ്കളാഴ്ചയാണ് കാക്കാമൂലയിലെ സോർഹിൽ നഴ്സറി സ്കൂളിൽ നിന്നും രണ്ടര വയസുകാരൻ തനിച്ച് വീട്ടിലെത്തിയത്. 30 വിദ്യാർഥികളെ ആയയെ ഏൽപിച്ച് മൂന്ന് അധ്യാപകരും സമീപത്തെ കല്യാണ വീട്ടിലേക്ക് പോയി. ഈ സമയത്താണ് കുട്ടി ഗേറ്റും കടന്ന് റോഡിലൂടെ നടന്നു നീങ്ങിയത്. വീട്ടിൽ കരഞ്ഞെത്തിയ കുട്ടിയെ കണ്ട രക്ഷിതാക്കൾ പരിഭ്രാന്തരായി. ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന കാര്യം സ്കൂൾ അധികൃതരുടെയും ശ്രദ്ധയിൽപെട്ടത്.
രക്ഷിതാക്കളുടെ പരാതിയിൽ നേമം പൊലീസ് കേസെടുത്തെങ്കിലും ഒത്തു തീർപ്പ് നടപടിയിലേക്ക് നീങ്ങാനായിരുന്നു പൊലീസിന്റെ നീക്കം. അതേസമയം ശിശുക്ഷേമ സമിതി സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടി ഒറ്റക്ക് എങ്ങിനെ പോകുമെന്നൊക്കെ ചില അധ്യാപകർ പറഞ്ഞിരുന്നുവെങ്കിലും സിസിടിവി ദൃശ്യം പുറത്ത് വന്നതോട വീഴ്ച അടിവരയിടുകയാണ്. പിഴവ് പറ്റിയെന്ന് സ്ഥാപന മേധാവികൾ ഇപ്പോൾ സമ്മതിക്കുന്നുണ്ട്. അധ്യാപകർക്കെതിരെ ഉടൻ നടപടി എടുക്കുമെന്ന് സ്കൂൾ മാനേജ്മെൻറ് അറിയിച്ചു.