ബാലരാമപുരത്ത് കാണാതായ രണ്ടുവയസുകാരി കിണറ്റിൽ മരിച്ചനിലയിൽ; ദുരൂഹത

തിരുവനന്തപുരം: ബാലരാമപുരത്ത് നിന്ന് കാണാതായ രണ്ടുവയസുകാരിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ശ്രീതു – ശ്രീജിത്ത് ദമ്പതികളുടെ മകളായ ദേവേന്ദുവാണ് മരിച്ചത്. കുട്ടിയെ കാണാനില്ലെന്ന് ഇന്ന് രാവിലെയാണ് മാതാപിതാക്കൾ പൊലീസിൽ പരാതിനൽകിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിലെ കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. രാത്രി ഉറങ്ങാൻ കിടന്ന കുട്ടിയെയാണ് രാവിലെ കാണാതാകുന്നത്.

സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും രണ്ടുപേരെ ചോദ്യം ചെയ്തുവരികയാണെന്നും നെയ്യാറ്റിൻകര ഡിവെെഎസ്‌പി പറഞ്ഞു. ഫയർഫോഴ്സ് സംഘമെത്തി നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. കെെവരികളുള്ള കിണറായതിനാൽ കുട്ടി തനിയെ വീഴാനുള്ള സാദ്ധ്യതയില്ലെന്നും ദുരൂഹതയുണ്ടെന്നും എം വിൻസെന്റ് എംഎൽഎ പറഞ്ഞു.കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. വീട്ടുകാരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്. കുട്ടി ഇന്നലെ അമ്മയുടെ സഹോദരന്റെ മുറിയിലാണ് ഉറങ്ങിയത്. പുലർച്ചെ 5.30ന് കുട്ടി കരഞ്ഞത് കേട്ടിരുന്നുവെന്നും അമ്മ പറഞ്ഞു. കുട്ടിയെ കാണാതായെന്ന് പറയുന്ന സമയത്ത് കുട്ടി കിടന്ന മുറിയിൽ തീപിടിത്തമുണ്ടായിരുന്നു. തീയണച്ചശേഷമാണ് കുട്ടിയെ കാണാനില്ലെന്ന് മനസിലായത്. ഡി‌വെെഎസ്‌പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *