ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ച് ഉദ്ധവ് താക്കറെ; മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപിക്കാന്‍ ബിജെപി

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ തന്റെ രാജിക്കത്ത് ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയാരിക്ക് സമര്‍പ്പിച്ചു. ഗവര്‍ണര്‍ രാജി സ്വീകരിക്കുകയും ബദല്‍ ക്രമീകരണം ഉണ്ടാകുന്നത് വരെ മുഖ്യമന്ത്രിയായി തുടരാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. മുംബൈ രാജ്ഭവനില്‍ എത്തിയായിരുന്നു രാജി സമര്‍പ്പണം. നിയമനിര്‍മാണ കൗണ്‍സില്‍ (എംഎല്‍സി) അംഗത്വവും ഉദ്ദവ് രാജിവച്ചു. രാജി സമര്‍പ്പിച്ച ശേഷം മക്കളായ ആദിത്യയ്ക്കും തേജസിനും ഒപ്പം ഉദ്ധവ് താക്കറെ ക്ഷേത്ര ദര്‍ശനവും നടത്തി.
നിയമസഭയില്‍ ഇന്നു ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഉദ്ദവിന്റെ രാജി പ്രഖ്യാപനം. ഫേയ്‌സ്ബുക്ക് ലൈവിലൂടെ നടത്തിയ പ്രസംഗത്തിലാണ് മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ രാജി ഉദ്ധവ് അറിയിച്ചത്. അതേസമയം രാജിക്ക് തൊട്ടുപിന്നാലെ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനാ വിമത പക്ഷത്തിന്റെ സഹായത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ചര്‍ച്ചകള്‍ തുടങ്ങി.