യുഡിഎഫിന് അധികാരം ലഭിച്ചാൽ തരൂരിന് ക്യാബിനറ്റ് പദവി ലഭിച്ചേക്കും, തിരക്കിട്ട ആലോചനകൾ

ഡല്‍ഹി : വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരികയാണെങ്കില്‍ ഡല്‍ഹിയില്‍ കാബിനറ്റ് റാങ്കോടെ അംബാസഡറിന് തുല്യമായ പദവി തിരുവനന്തപുരം എംപ വാഗ്ദാനം ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃതലത്തില്‍ ആലോചന. അടുത്തിടെയായി കേരളത്തിലും ഡല്‍ഹിയിലും പാര്‍ട്ടിയുമായി ചേര്‍ന്ന് നില്‍ക്കുന്ന ശശി തരൂര്‍ കോണ്‍ഗ്രസ് അനുകൂല നിലപാടുകളാണ് സ്വീകരിക്കുന്നത്. നാല് തവണ തിരുവനന്തപുരം എംപിയായ ശശി തരൂരിന് കൂടുതല്‍ റോള് നല്‍കാന്‍ ഹൈക്കമാന്‍ഡ് ശ്രമിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുന്നതിനിടെയാണ് നേതൃതലത്തില്‍ ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നത്.

കേരളത്തില്‍ യുഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ ഡല്‍ഹിയില്‍ കാബിനറ്റ് റാങ്കോടെ അംബാസഡറിന് തുല്യമായ പദവി വാഗ്ദാനം ചെയ്ത് തരൂരിനെ തൃപ്തിപ്പെടുത്തുന്നതിന്റെ സാധ്യതകളെ കുറിച്ച് നേതൃതലത്തില്‍ ചര്‍ച്ച നടന്നുവരുന്നതായി പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. എന്നിരുന്നാലും ഔദ്യോഗിക തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും അവര്‍ പറഞ്ഞു. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന തലത്തില്‍ ആഭ്യന്തര ഐക്യം പുനഃസ്ഥാപിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ പരിശ്രമിച്ച് വരികയാണ്.

രാഷ്ട്രീയ, സംഘടനാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ശശി തരൂരും എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും തമ്മില്‍ ഈ ആഴ്ചയോ അടുത്ത ആഴ്ചയോ നേരിട്ട് കൂടിക്കാഴ്ച നടത്തിയേക്കും. ഇതിന് സൗകര്യമൊരുക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മുന്‍കൈയെടുത്തതായും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. ‘പ്രാരംഭ ഘട്ടത്തില്‍ ഇവയെല്ലാം സെന്‍സിറ്റീവ് ആയിട്ടുള്ള കൂടിയാലോചനകളാണ്. എല്ലാവരും ഇത് പരസ്യമായി നിഷേധിക്കും, പക്ഷേ നിഷേധങ്ങളുടെ തീവ്രത തന്നെ ചര്‍ച്ചകളുടെ പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നതാണ്’- ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു