പ്രസംഗത്തിനിടെ സമീപത്തെ പള്ളിയില്‍ നിന്ന് ബാങ്ക് വിളി; പാതിവഴിയില്‍ പ്രസംഗം നിര്‍ത്തി കേന്ദ്രമന്ത്രി അമിത് ഷാ

കാശ്മീര്‍ സന്ദര്‍ശനത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കാശ്മീരിലെ ബാരാമുല്ലയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു. സമീപത്തെ പള്ളിയില്‍ നിന്ന് ബാങ്ക് വിളി ഉയര്‍ന്നപ്പോള്‍ പാതിവഴിയില്‍ അദ്ദേഹം പ്രസംഗം നിര്‍ത്തി.കൈയടികളോടെയും മുദ്രാവാക്യം വിളികളോടെയുമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ അത് സ്വീകരിച്ചത്.വടക്കന്‍ കശ്മീര്‍ ജില്ലയിലെ ഷൗക്കത്ത് അലി സ്റ്റേഡിയത്തില്‍ നടന്ന റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് അമിത് ഷാ പ്രസംഗം നിര്‍ത്തിയത്. ബാങ്ക് വിളി കേട്ടതോടെ ‘പള്ളിയില്‍ എന്തെങ്കിലും നടക്കുന്നുണ്ടോ?’ എന്ന് വേദിയില്‍ ഇരിക്കുന്നവരോട് അമിത് ഷാ ചോദിച്ചു. ‘ബാങ്ക് വിളിക്കുകയാണ്’ എന്ന് ഒരാള്‍ മറുപടി നല്‍കി.ബാങ്ക് വിളി അവസാനിച്ചപ്പോള്‍ തന്റെ പ്രസംഗം തുടരണമോയെന്ന് പ്രവര്‍ത്തകരോട് ചോദിക്കുകയും തുടരണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതിന് ശേഷമാണ് അമിത് ഷാ വീണ്ടും പ്രസംഗം ആരംഭിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.