ഇരുചക്ര വാഹനങ്ങളില്‍ കുട്ടികള്‍ക്ക് ഇളവില്ലെന്നു കേന്ദ്രമന്ത്രി

ഇരുചക്ര വാഹനങ്ങളില്‍ രണ്ടുപേര്‍ക്കു മാത്രമാണു യാത്രാനുമതിയെന്നും കുട്ടികള്‍ക്ക് ഇളവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍. ഇന്നു മുതല്‍ സംസ്ഥാനത്ത് എഐ ക്യാമറ വഴി പിഴ ഈടാക്കാന്‍ തീരുമാനിച്ചിരിക്കെയാണു കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഇരുചക്ര വാഹനത്തില്‍ 12 വയസില്‍ താഴെയുള്ള കുട്ടികളെ മൂന്നമാത് യാത്രക്കാരായി കണക്കാക്കി സംസ്ഥാനം തല്ക്കാലം പിഴ ഈടാക്കില്ലെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.
സി.പി.എം. രാജ്യസഭാ കക്ഷി നേതാവ് എളമരം കരീമിന്റെ കത്തിനു നല്കിയ മറുപടിയിലാണ് കേന്ദ്രമന്ത്രി നിലപാട് അറിയിച്ചത്. കേന്ദ്ര മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തു പത്ത് വയസ് വരെയെങ്കിലുമുള്ള കുട്ടികളെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാതാപിതാക്കളോടൊപ്പം യാത്രചെയ്യാന്‍ അനുവദിക്കണമെന്നായിരുന്നു കരീമിന്റെ ആവശ്യം. അതേസമയം, 12 വയസില്‍ താഴെയുള്ള ഒരു കുട്ടിയെ കൂടി ഇരുചക്ര വാഹനത്തില്‍ കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ കത്തിന് കൃത്യമായ മറുപടി ലഭിച്ചിട്ടില്ല.
കത്തിനു മറുപടി ലഭിക്കുകയും സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കുകയും ചെയ്യുന്നതു വരെ 12 വയസില്‍ താഴെയുള്ള കുട്ടികളുമായുള്ള യാത്രയ്ക്ക് സംസ്ഥാനം പിഴ ഈടാക്കില്ലെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. എന്നാല്‍, നാലു വയസിനു മുകളിലുള്ള കുട്ടികള്‍ ഹെല്‍മറ്റ് ധരിക്കണം.
കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ 128- ാം വകുപ്പ് പ്രകാരം ഇരുചക്ര മോട്ടോര്‍ വാഹനങ്ങളില്‍ രണ്ടുപേര്‍ക്ക് മാത്രമേ യാത്രചെയ്യാന്‍ അനുമതിയുള്ളൂ. അച്ഛനമ്മമാരോടൊപ്പം ചെറിയ കുട്ടികള്‍ ഹെല്‍മെറ്റ് ധരിച്ച് യാത്ര ചെയ്യുന്നതുപോലും നിയമ ലംഘനത്തിന്റെ പരിധിയില്‍ വരും. ലക്ഷക്കണക്കിന് സാധാരണ കുടുംബങ്ങളെയാണ് ഈ വ്യവസ്ഥ ദോഷകരമായി ബാധിക്കുന്നത്.
ഇതിനെതിരേ കേരളത്തിലുള്‍പ്പെടെ വലിയ പ്രതിഷേധമാണുയര്‍ന്നത്. എന്നാല്‍, നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രം തയാറായിട്ടില്ല. ഒരു വാഹനത്തിന്റെ സീറ്റിങ് കപ്പാസിറ്റി നിര്‍ണയിക്കുന്നത് അതിലെ ലഭ്യമായ സൗകര്യം, അതിന് താങ്ങാന്‍ കഴിയുന്ന പരമാവധി ഭാരം, വാഹനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷ മുതലായ ഘടകങ്ങള്‍ മുന്‍നിര്‍ത്തിയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടുപേര്‍ക്ക് മാത്രം യാത്രചെയ്യാന്‍ പറ്റുന്ന രീതിയില്‍ നിര്‍മിച്ചവയാണ് ഇരുചക്ര വാഹനങ്ങള്‍. ലോകത്തെല്ലായിടത്തും ഇരുചക്ര വാഹനങ്ങളില്‍ രണ്ടുപേര്‍ക്കു മാത്രമേ യാത്രചെയ്യാന്‍ അനുമതിയുള്ളൂ.- കേന്ദ്രമന്ത്രി വ്യക്തമാക്കി.