ന്യൂഡല്‍ഹി: ക്രമസമാധാനം നിലനിര്‍ത്തേണ്ടതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്കെതിരെയുണ്ടായ എസ്എഫ്ഐ ആക്രമണത്തില്‍ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരള ഗവര്‍ണര്‍ തിരുവനന്തപുരത്ത് നടുറോഡില്‍ വച്ച് ഒരു കൂട്ടം ഗുണ്ടകളുടെ ആക്രമണത്തിന് ഇരയാകുന്നു എന്നത് കേരളത്തിന്റെ ഇപ്പോഴത്തെ ക്രമസമാധാന നിലയെ ആണ് വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ പ്രഥമ പൗരന് പോലും സഞ്ചരിക്കാന്‍ കഴിയാത്ത വിധത്തില്‍ അക്രമികള്‍ക്ക് അഴിഞ്ഞാടാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയാണ് സര്‍ക്കാര്‍. ഇവരുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ നിര്‍ഭയവും നിക്ഷ്പക്ഷവുമായി ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നിലപാടെടുത്തിട്ടുള്ള വ്യക്തിയാണ് ഗവര്‍ണര്‍. ഇതിന്റെ പേരില്‍ അദ്ദേഹത്തെ വിരട്ടിയോടിക്കാനും ശാരീരികമായി അക്രമിക്കാനും മുതിരുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്ന് സിപിഎം കരുതുന്നുണ്ടെങ്കില്‍ അവര്‍ ആരിഫ് മുഹമ്മദ് ഖാന് എന്ന വ്യക്തിയെ കുറിച്ച് അറിയാത്തവരാണ്.
മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതും വിരട്ടുന്നതും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സ്ഥിരം രീതിയാണ്. ഇതിന്റെ നിരവധി ഉദാഹരണങ്ങള്‍ കേരളത്തിലുണ്ട്. ജയകൃഷ്ണന് മാസ്റ്റര്‍ മുതല്‍ ടിപി ചന്ദ്രശേഖരന് വരെയുള്ള നിരവധി ഉദാഹരണങ്ങള്‍. ഇനിയുമത് തുടരാനാണ് ഉദ്ദേശമെങ്കില്‍ സിപിഎമ്മിന്റെ ഗുണ്ടാ രാജിനെതിരെ ജനങ്ങള്‍ പരസ്യമായി രംഗത്തിറങ്ങും. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഉപയോഗിക്കുന്ന ഭാഷ അവര്‍ക്ക് ചേര്‍ന്നതാണോ എന്ന് പരിശോധിക്കണം. സംസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്തേണ്ട ഉത്തരവാദിത്തം ഗവര്‍ണറേക്കാള്‍ കൂടുതല്‍ മുഖ്യമന്ത്രിക്കാണെന്ന് തിരിച്ചറിയണം.
ഇന്നലെ യാത്രയ്ക്കിടെ മൂന്ന് തവണയാണ് ഗവര്‍ണറുടെ കാര്‍ അക്രമിക്കപ്പെട്ടത്. ആദ്യത്തെ രണ്ട് തവണയും അദ്ദേഹം പുറത്തിറങ്ങിയില്ല. മൂന്നാമത് വാഹനത്തിന്റെ ചില്ല് പൊട്ടി പരിക്കേല്‍ക്കാതിരിക്കാന്‍ അദ്ദേഹം പുറത്തിറങ്ങി. ഇവിടെ എന്ത് പ്രോട്ടോക്കോള്‍ ലംഘിച്ചു എന്നാണ്. ഞാന്‍ അങ്ങനെയൊരു പ്രോട്ടോക്കോളിനെ പറ്റി കേട്ടിട്ടില്ല. ഭരണത്തിന് നേതൃത്വം നല്‍കുന്നവരാണ് പൊലീസിനെയും അക്രമികളെയും നിയന്ത്രിക്കുന്നത്. ആസൂത്രിതമായ അക്രമണത്തിന് സംസ്ഥാന സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ചുകൊണ്ട് കൂട്ടുനില്‍ക്കുകയാണ്. ആസൂത്രിതമായി ഗവര്‍ണറെ ആക്രമിക്കാന്‍ സര്‍ക്കാര്‍ ഗുണ്ടകളെ ഇറക്കിവിട്ടു. പൊലീസിനെ നിര്‍വീര്യമാക്കി നിര്‍ത്തിയിരിക്കുകയാണ്. കേരളത്തിലെ ഭരണമാകെ കുത്തഴിഞ്ഞിരിക്കുകയാണ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി വീശിയും കാറിലിടിച്ചും പ്രതിഷേധിച്ച ഏഴ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 19 എസ്എഫ്ഐ പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 11 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.