പശ്ചിമേഷ്യന്‍ തീരത്തേക്ക് കൂടുതല്‍ യുഎസ് യുദ്ധക്കപ്പലുകള്‍; ഇറാന്‍ നിരീക്ഷണത്തിലെന്ന് ട്രംപ്

വാഷിങ്ടണ്‍: ഭരണകൂട വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ഇറാനില്‍ യുഎസ് ഇടപെടല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ സജീവമാക്കി ഡോണള്‍ഡ് ട്രംപ്. ഇറാന്റെ സമീപത്തേക്ക് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ അടുത്തുകൊണ്ടിരിക്കുകയാണെന്ന് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

‘ട്രംപിന്റെ യുഎന്നിൽ’ 19 രാജ്യങ്ങൾ; ഒപ്പിട്ട് പാകിസ്ഥാൻ, ഇന്ത്യ വിട്ടുനിന്നു
പ്രതിഷേധം രൂക്ഷമായ ഇറാനില്‍ മരണ സംഖ്യ 5000 പിന്നിട്ടെന്ന നിലയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന. പ്രക്ഷോകരെ നേരിട്ടാല്‍ ഇറാനില്‍ ഇടപെടുമെന്ന് നേരത്തെ തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് യുഎസ് ഇറാനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും കപ്പലുകള്‍ മിഡില്‍ ഈസ്റ്റിലേക്ക് നീങ്ങുന്നു എന്നും ട്രംപ് അറിയിച്ചിരിക്കുന്നത്.

‘ആ ദിശയിലേക്ക് പോകുന്ന ധാരാളം കപ്പലുകള്‍ ഞങ്ങളുടെ പക്കലുണ്ട്, എന്തെങ്കിലും സംഭവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ ഞങ്ങള്‍ അവരെ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഞങ്ങളുടെ യുദ്ധക്കപ്പല്‍ ആ ദിശയിലേക്ക് പോകുന്നു, ഒരുപക്ഷേ അത് ഉപയോഗിക്കേണ്ടി വരില്ല.’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഭാവിയില്‍ ഉണ്ടായേക്കാവുന്ന ആക്രമണങ്ങള്‍ കൂടുതല്‍ ശക്തമായിരിക്കുമെന്നും ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നാറ്റോ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച; 8 യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ അധിക തീരുവ ചുമത്തുന്നതില്‍ നിന്ന് പിന്മാറി ട്രംപ്വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണും നിരവധി ഗൈഡഡ്-മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും വരും ദിവസങ്ങളില്‍ പശ്ചിമേഷ്യന്‍ മേഖലയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസ്, ഇസ്രയേല്‍ വ്യോമതാവളങ്ങള്‍ക്ക് ചുറ്റും സുരക്ഷ ശക്തമാക്കാനാണ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നത്. ഇതിന് പുറമെ ഖത്തറിന്റെ അഭ്യര്‍ത്ഥനപ്രകാരം, ആര്‍എഎഫ് യൂറോഫൈറ്റര്‍ ടൈഫൂണ്‍ ജെറ്റുകള്‍ മേഖലയില്‍ വിന്യസിക്കുമെന്ന് ബ്രിട്ടണും അറിയിച്ചിട്ടുണ്ട്.

അതേസമയം, ഇറാനിലെ പ്രക്ഷോഭങ്ങളില്‍ ഇതുവരെ 4716 പേര്‍ കൊല്ലപ്പെട്ടതായി യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന റിപ്പോര്‍ട്ട് ചെയ്തു. 203 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രതിഷേധങ്ങളുടെ ഭാഗമല്ലാതിരുന്ന 43 കുട്ടികളും 40 പൗരരും ഇറാനില്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. പ്രക്ഷോഭങ്ങളുടെ പേരില്‍ 26,800ലധികം പേര്‍ തടവിലുണ്ടെന്നുമാണ് വിലയിരുത്തല്‍. എന്നാല്‍ പുറത്ത് വരുന്ന കണക്കുകളേക്കാള്‍ ഭീകരമാണ് യഥാര്‍ഥ സംഖ്യയെന്നാണ് മറ്റൊരു വാദം. രാജ്യത്ത് ഇന്റര്‍നെറ്റ് വിലക്ക് ഉള്‍പ്പെടെ തുടരുന്നതിനാല്‍ വിവരങ്ങള്‍ പുറത്ത് വരുന്നില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.