അടിനേരത്തെ കിട്ടേണ്ടതായിരുന്നു എന്ന കോടിയേരിയുടെ പ്രസ്താവന ജന്മിമാരെ പോലെയുളളതെന്ന് പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശന്‍

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സര്‍വേകള്‍ താത്കാലികമായി  നിര്‍ത്തിവെച്ചിരിക്കുന്നത് പാര്‍ട്ടി കോണ്‍ഗ്രസ് വരെ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണെന്ന അഭിപ്രായവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ . കെ റെയില്‍ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നതു വരെ പ്രതിപക്ഷം സമരരംഗത്ത് ഉറച്ചുനില്‍ക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.സിപിഎമ്മിന് സമരത്തോട് എന്തിനാണ് ഇത്ര അസഹിഷ്ണുതയെന്ന് അദ്ദേഹം ചോദിച്ചു. 

സില്‍വര്‍ലൈന് എതിരെ പ്രതിഷേധിക്കുന്ന പാവപ്പെട്ട ജനങ്ങളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സിപിഎം പരിഹസിക്കുകയാണ്. പഴയകാലത്ത് കര്‍ഷക സമരം നടക്കുമ്പോള്‍ അതിനെതിരെ ജന്മികളും, തൊഴിലാളികള്‍ സമരം നടത്തുമ്പോള്‍ മുതലാളിമാരും നടത്തുന്ന പരിഹാസവാക്കുകളാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സിപിഎം നേതാക്കളുടെയും ഭാഗത്ത് നിന്ന് വരുന്നതെന്ന് സതീശന്‍ പറഞ്ഞു.

പിണറായിക്കും നരേന്ദ്രമോദിക്കും ഒരേ ശൈലിയാണ്.കേരളത്തിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത എംപിമാരെ ഡല്‍ഹിയില്‍ പാര്‍ലമെന്‍റി ന് മുമ്പില്‍ വെച്ച് പൊലീസ് മര്‍ദ്ദിച്ചപ്പോള്‍ അതില്‍ ആഹ്ലാദിക്കുന്ന മുഖ്യമന്ത്രിയേയും പാര്‍ട്ടി സെക്രട്ടറിയെയുമാണ് കണ്ടത്. നിലവാരം വിട്ട് എംപിമാര്‍ പെരുമാറിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അദ്ദേഹം ഭൂതകാലം മറക്കുകയാണ്. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ അസംബ്ലി അടിച്ചു തകര്‍ക്കാന്‍ വിട്ടനേതാവാണ് അദ്ദേഹം.

അടിനേരത്തെ കിട്ടേണ്ടതായിരുന്നു എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. മുതലാളിമാരെ പോലെ, കോര്‍പ്പറേറ്റുകളെ പോലെ, ജന്മിമാരെ പോലെയാണ് ഇവര്‍ സംസാരിക്കുന്നത്. ഇടതുപക്ഷത്തില്‍ നിന്നും തീവ്രവലതുപക്ഷത്തിലേക്കുള്ള വ്യതിയാനം ഇവരുടെ ഭാഷയില്‍ നിന്നുതന്നെ വ്യക്തമാണ്.മന്ത്രിസഭയിലെ ഏറ്റവും വലിയ തമാശക്കാരനാണ് സജി ചെറിയാന്‍. അദ്ദേഹത്തെ അങ്ങനെയല്ല വിശേഷിപ്പിക്കേണ്ടത്, എന്നാല്‍ തന്റെ സംസ്‌കാരം അനുവദിക്കാത്തതിനാല്‍ അത്തരം പദപ്രയോഗങ്ങള്‍ നടത്തുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *