വി.ശിവന്‍കുട്ടി കിലെ ചെയര്‍മാനായിരുന്നപ്പോഴും തൊഴില്‍ വകുപ്പ് മന്ത്രിയായിരിക്കുമ്പോഴും നടത്തിയ മുഴുവന്‍ നിയമനങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്ന് വി.ഡി.സതീശന്‍

തിരുവനന്തപുരം : വി.ശിവന്‍കുട്ടി കിലെ ചെയര്‍മാനായിരുന്നപ്പോഴും നിലവില്‍ തൊഴില്‍ വകുപ്പ് മന്ത്രിയായിരിക്കുമ്പോഴും കിലെയില്‍ നടത്തിയ മുഴുവന്‍ നിയമനങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കിലെയില്‍ പിന്‍വാതില്‍ നിയമനം നേടിയ മുഴുവന്‍ പേരെയും അടിയന്തിരമായി പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തയാറാകണം.

വളഞ്ഞ വഴിയിലൂടെ ഇഷ്ടക്കാര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയ മന്ത്രി വി.ശിവന്‍കുട്ടി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിക്ക് ഒരു നിമിഷം സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. അല്‍പമെങ്കിലും രാഷ്ട്രീയ മര്യാദയും മാന്യതയും അവശേഷിക്കുന്നുണ്ടെങ്കില്‍ സ്വയം രാജിവച്ച് പുറത്ത് പോയി അന്വേഷണം നേരിടാന്‍ വി. ശിവന്‍കുട്ടി തയാറാകണം.

മൂന്നരക്കോടി ജനങ്ങള്‍ക്ക് വേണ്ടിയല്ല പാര്‍ട്ടിക്കാര്‍ക്കും സ്വന്തക്കാര്‍ക്കും വേണ്ടിയുള്ള ഭരണമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടക്കുന്നത്. എല്ലാ വകുപ്പുകളിലും സ്ഥാപനങ്ങളിലും പിന്‍വാതില്‍ നിയമനങ്ങളാണ്. യോഗ്യതയുള്ളവരെ ഇരുട്ടില്‍ നിര്‍ത്തി സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ പിന്‍വാതിലിലൂടെ എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളെയും സ്വന്തക്കാരെയും നിയമിക്കുന്നത് യുവജനങ്ങളോടും പൊതുസമൂഹത്തോടുമുള്ള വെല്ലുവിളിയാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *