വി മുരളീധരന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായേക്കും

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പുതിയ അധ്യക്ഷന്‍മാരെ പ്രഖ്യാപിക്കാന്‍ ബി.ജെ.പി. കേന്ദ്രമന്ത്രി വി മുരളീധരന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായേക്കും. പുതിയ അധ്യക്ഷന്മാരുടെ പ്രഖ്യാപനം ഉടനുണ്ടാകും.തെലങ്കാനയില്‍ നിന്നും ബണ്ഡി സഞ്ജയ് കുമാറിനെ മാറ്റി തന്നെ അധ്യക്ഷനാക്കിയതില്‍ കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഢിക്ക് താല്‍പര്യക്കുറവുണ്ടെന്നാണ് സൂചന. കേന്ദ്രമന്ത്രിസഭാ പുന:സംഘടനയുടെ ഭാഗമായി തിരക്കിട്ട ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ നടക്കുകയാണ്
മുതിര്‍ന്ന നേതാക്കളെ സംസ്ഥാന അധ്യക്ഷ പദവി ഏല്‍പ്പിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയെന്ന രീതിയാണ് ബിജെപി ദേശീയ നേതൃത്വം ഇപ്പോള്‍ പരിഗണിക്കുന്നത്. തെലങ്കാനയിലും ജാര്‍ഖണ്ഡിലും കഴിഞ്ഞ ദിവസം അധ്യക്ഷന്മാരെ പ്രഖ്യാപിച്ചത് ഈ മാതൃകയിലാണ്. കേരളത്തിലും ഇത് പയറ്റിയേക്കും. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, പാര്‍ട്ടിക്ക് വന്‍ തിരിച്ചടി നേരിട്ട കര്‍ണാടക, കൂടാതെ ഗുജറാത്ത്, ജമ്മുകശ്മീര്‍, ഹരിയാന എന്നിവിടങ്ങളിലേയ്ക്കും അധ്യക്ഷന്മാരെ പ്രഖ്യാപിച്ചേക്കും.
ശോഭ കരന്ത്‌ലജെയെ കര്‍ണാടക അധ്യക്ഷ സ്ഥാനത്തേയ്ക്ക് ബി.എസ് യഡ്യൂരപ്പ നിര്‍ദേശിച്ചിട്ടുണ്ട്. തെലങ്കാനയില്‍ ബണ്ഡി സഞ്ജയ് കുമാറിനെ മാറ്റി കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഢിയെ അധ്യക്ഷനാക്കിയിരുന്നു. എന്നാല്‍ കിഷന്‍ റെഡ്ഢിക്ക് കേന്ദ്രമന്ത്രിസഭയില്‍ തുടരാനാണ് താല്‍പര്യം. കേന്ദ്രമന്ത്രിസഭാ പുന:സംഘടന ചര്‍ച്ചകളും സജീവമാണ്. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, കിരണ്‍ റിജിജു, ഗജേന്ദ്ര ശെഖാവത്ത്, അര്‍ജുന്‍ റാം മേഘ്വാല്‍ എന്നിവര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഢയെ കണ്ടു. സുരേഷ് ഗോപി മന്ത്രിസഭയിലെത്തുമെന്നും രാജീവ് ചന്ദ്രശേഖറിന് കാബിനറ്റ് റാങ്ക് ലഭിക്കുമെന്നും സൂചനയുണ്ട്