വി.എസ്. ശിവകുമാറിനെ ഇറക്കി തിരുവനന്തപുരം കോര്പ്പറേഷന് പിടിക്കാന്‍ കോണ്‍ഗ്രസ്, കൂടെ ശബരീനാഥനും, മോഹന്‍കുമാറും

തിരുവനന്തപുരം: മുന്‍മന്ത്രിയും കോണ്‍ഗ്രസ് രാഷ്ടീയകാര്യസമിതി അംഗവുമായ വി.എസ് ശിവകുമാറിനെ ഇറക്കി തിരുവനന്തപുരം കോര്പ്പറേഷന് പിടിക്കാന്‍ കോണ്‍ഗ്രസ് നീക്കം. രണ്ടാഴ്ചമുമ്പ് ഐഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിഎസ് ശിവകുമാറിനൊപ്പം മുന്‍ എംഎല്‍എമാരായിരുന്ന കെ എസ് ശബരിനാഥന്, കെ മോഹന്‍കുമാര്‍, ശരത്ചന്ദ്രപ്രസാദ് തുടങ്ങിയവരും രംഗത്തുണ്ടാകും.
തിരുവനന്തപുരം ജില്ലയില്‍ എം.പി, എം.എല്‍.എ. മന്ത്രി തുടങ്ങിയ പദവികളില്‍ ഇരുന്ന വി.എസ് ശിവകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം കനത്ത രാഷ്ട്രീയ പോരാട്ടത്തിനാകും ജില്ലയില്‍ നടക്കുക.
വി.എസ് ശിവകുമാറിനായി തലസ്ഥാനത്ത് നായര്‍ ഭൂരിപക്ഷ മേഖലകളായ പാല്‍ക്കുളങ്ങര, ശാസ്തമംഗലം, കവടിയാര്‍ എന്നിവയാണ് പ്രധാനമായും പാര്‍ട്ടി പരിഗണിക്കുന്നത്. നിലവില്‍ ബിജെ പി ജയിച്ച മണ്ഡലമായ പാല്‍ക്കുളങ്ങരയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് താല്‍പ്പര്യം. അതുവഴി ബിജെപിയുമായി നേരിട്ട് എതിര്‍ക്കാന്‍ കോണ്‍ഗ്രസ് മാത്രമേ ഉള്ളൂ എന്ന രാഷ്ട്രീയസന്ദേശവും നല്‍കാനാകുമെന്നും നേതൃത്വം പ്രതീക്ഷിക്കുന്നു.
തലസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പടെ മത്സരരംഗത്തിറക്കി ഭരണം പിടിക്കാനുള്ള കോണ്‍ഗ്രസ് ക്യാമ്പിന്റെ നീക്കം അണികളെ ആവേശത്തിലാക്കിയിട്ടുണ്ട്. എഐസിസി സെക്രട്ടറി പി.സി വിഷ്ണുനാഥിനാണ് തലസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പിന്റെ ചുമതല.
നൂറംഗ കൗണ്‍സിലില്‍ പത്തംഗംങ്ങള് മാത്രമുള്ള ദയനീയ സാഹചര്യത്തിലാണ് നിലവില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ്. അമ്പതിലേറെ സീറ്റ് പിടിക്കാനാണ് വിഷ്ണുനാഥിന്റെ നേതൃത്വത്തില്‍ പദ്ധതികള്‍ തയ്യാറാക്കുന്നത്. നിലവില്‍ ഭരണം കൈയാളുന്ന എല്‍ഡിഎഫിന് 51 അംഗങ്ങളും മുഖ്യ പ്രതിപക്ഷമായ ബിജെപിക്ക് 34 അംഗങ്ങളുമാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലുള്ളത്.
നഗര പരിധിയില്‍ ബിജെപിക്കാണ് സ്വാധീനം. ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം ഇത് പ്രകടമാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മുന്‍ മന്ത്രിമാരെയും മുന്‍ എംഎല്‍എമാരെയും
എംപിമാരെയും അടക്കം കോര്പ്പറേഷന് തിരഞ്ഞെടുപ്പിലേക്ക് സജ്ജമാക്കുന്നത്. മേയര്‍ സ്ഥാനത്തേക്ക് ആരെന്ന് ഇപ്പോള്‍ വെളിപ്പെടുത്തില്ല. കോര്‍പറേഷനില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ എന്തൊക്കെ പദ്ധതികള്‍ നടപ്പാക്കുമെന്നു പ്രഖ്യാപിക്കുന്ന പ്രകടന പത്രിക തയാറാക്കുന്നത് എം. വിന്‍സന്റ് എംഎല്‍എ ചെയര്‍മാനും ശബരീനാഥന് കണ്‍വീനറുമായ സമിതിയാണ്.