കുട്ടികൾ ക്ഷണിച്ചു; ഓണമുണ്ണാൻ മന്ത്രി അപ്പൂപ്പനെത്തി

തിരുവനന്തപുരം :മുള്ളറംകോട് ഗവണ്മെന്റ് എൽ.പി സ്കൂളിൽ വിദ്യാർഥികൾക്കൊപ്പം ഓണം ആഘോഷിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. സ്കൂളിലെ രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനി മീനാക്ഷി ‘മന്ത്രി അപ്പൂപ്പൻ ഞങ്ങൾക്കൊപ്പം ഓണമുണ്ണാൻ വരാമോ’എന്ന് കത്തെഴുതി ചോദിച്ചപ്പോൾ  മന്ത്രിയ്ക്ക് പോകാതിരിക്കാൻ കഴിഞ്ഞില്ല. സ്ക്കൂളിൽ മന്ത്രിയെത്തിയപ്പോൾ കുഞ്ഞു മിഴികളിൽ കൗതുകമേറ്റി അവർ ഓടിചെന്നു. കൂട്ടത്തിൽ കത്തെഴുത്തുകാരി മീനാക്ഷി മന്ത്രി അപ്പുപ്പനെ ചേർന്നു നിന്നു , മതിയാവോളം ഫോട്ടോയെടുത്തു  സദ്യ ഉണ്ണാനും ക്ഷണിച്ചു. പിന്നെ വിഭവ സമ്യദ്ധമായ ഓണസദ്യ.  പലർക്കും മന്ത്രിയെ നേരിൽ കണ്ടതിന്റെ അമ്പരപ്പും കൗതുകവും ഉണ്ടായിരുന്നു.  അടുത്ത് വന്നവരോടെല്ലാം അദ്ദേഹം കുശലാന്വേഷണം നടത്തി. മന്ത്രി അപ്പൂപ്പന് സമ്മാനങ്ങൾ നൽകാനും കുട്ടികൾ മറന്നില്ല. തങ്ങൾക്ക് പുതിയ സ്കൂൾ കെട്ടിടം വേണമെന്ന കുട്ടികളുടെ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന ഉറപ്പും മന്ത്രി നൽകി. കുഞ്ഞുങ്ങൾ എഴുതിയ കത്തുൾപ്പെടെ മന്ത്രി സ്വന്തം ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റിട്ടത് വൈറലായിരുന്നു. ഒ .എസ് . അംബിക എം.എൽ.എ ഉൾപ്പെടെയുള്ളവരും ഓണാഘോഷത്തിന് സ്കൂളിൽ എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *