വിദ്യാർത്ഥികളെ ഏത്തം ഇടിയിച്ച സംഭവം; ഡിഇഒയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

കോട്ടൺ ഹിൽ സ്കൂളിൽ കുട്ടികളെ ഏത്തം ഇടിയിച്ച സംഭവത്തിൽ അദ്ധ്യാപിക ഉടൻ മാപ്പ് പറഞ്ഞുവെന്നും സംഭവത്തിൽ ഡിഇഒയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മാധ്യമങ്ങളിലൂടെയാണ് വാർത്ത അറിഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംഭവത്തിൽ കുറ്റാരോപിതയായ അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധ്യാപകർ ശ്രദ്ധിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ഇത്തരം പ്രാകൃത ശിക്ഷാരീതി ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂളിലെ ദേശീയ ഗാനസമയത്ത് കുട്ടികൾ ബഹളം വെച്ചതോടെ ഇവരെ പൂട്ടിയിട്ട് ഏത്തമിടീപ്പിച്ചു എന്നതാണ് ടീച്ചർക്കെതിരെ ഉയർന്നിരുന്ന പരാതി. സംഭവത്തിൽ ടീച്ചര്‍ കുട്ടികളോടും രക്ഷകര്‍ത്താക്കളും മാപ്പ് ചോദിച്ചെന്നും, അതിനാൽ രേഖാമൂലം രക്ഷകര്‍ത്താക്കള്‍ പരാതി നല്‍കിയിട്ടില്ലെന്നുമാണ് പ്രധാനാധ്യാപിക പറഞ്ഞത്. വിഷയത്തിൽ ടീച്ചറോട് വിശദീകരണം തേടിയിരുന്നുവെന്നും പ്രധാനാധ്യാപിക കൂട്ടിചേർത്തു