വടകര കസ്റ്റഡി മരണം; രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

കോഴിക്കോട്: വടകര പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ എസ് ഐ അടക്കം രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. എസ് ഐ നിജീഷ്, സിവിൽ പൊലീസ് ഓഫീസറായ പ്രജീഷ് എന്നിവരുടെ അറസ്റ്റ് ആണ് സംസ്ഥാന ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. ഇരുവർക്കും കോടതി മുൻകൂർ ജാമ്യം നൽകിയതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.കഴിഞ്ഞമാസം 22-ാം തിയതിയാണ് കല്ലേരി താഴെകോലോത്ത് സജീവൻ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് സജീവൻ മരിച്ചതെന്നും കസ്റ്റഡിയിൽ മർദിച്ചിട്ടില്ലെന്നുമാണ് പൊലീസുകാരുടെ വാദം. എന്നാൽ ഇതിൽ സ്ഥിരീകരണം ലഭിക്കണമെങ്കിൽ സിസിടിവി പരിശോധിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ കേസിൽ നിർണായകമായ, പരിശോധനക്ക് അയച്ച ഡിജിറ്റൽ തെളിവുകളുടെ ഫലം വേഗത്തിൽ വേണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് റീജിയണൽ ഫോറെൻസിക് ലബോറട്ടറിക്ക് കത്തയച്ചു.